ആലപ്പുഴ : കുട്ടനാട് പാക്കേജുമായി ബന്ധപ്പെട്ടുള്ള പദ്ധതികൾ ഓരോന്നായി ആലപ്പുഴയിൽ നിർത്തലാക്കാൻ നീക്കം. കുട്ടനാടിന്റെ കാർഷിക സംരക്ഷണത്തിനുവേണ്ടി രൂപീകൃതമായ കുട്ടനാട് ഡെവലപ്മെന്റ് ഡിവിഷന്റെ ഓഫീസായ കെ.ഡി.ഡിവിഷൻ സബ് ഓഫീസ് അമ്പലപ്പുഴയിൽ നിന്ന് ചിറ്റൂരിലേക്ക് (പാലക്കാട്) മാറ്റുന്നതിന് ശ്രമം നടക്കുന്നു. ഫയൽ ഇറിഗേഷൻ സെക്രട്ടറിയുടെ പരിഗണനയിലാണെന്ന് അറിയുന്നു.

കുട്ടനാട് പാക്കേജിന്റെയും മൈനർ ഇറിഗേഷന്റെയും നാല് പഞ്ചായത്തുകളുടെയും വീയപുരം, തകഴി, ചമ്പക്കുളം എടത്വാ സെക്‌ഷൻ, അമ്പലപ്പുഴ എം.ഐ.സെക്ഷൻ എന്നിവിടങ്ങളിലെയും പാടശേഖരങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളു‌ടെ നിർവഹണം ഈ ഓഫീസിലാണ് നടക്കുന്നത്. വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട് കാർഷികമേഖലയെ സംബന്ധിക്കുന്ന വളരെയധികം പ്രാധാന്യമുള്ള എസ്.ഡി.ആർ.എഫ്, വെള്ളപ്പൊക്ക നിവാരണം തുടങ്ങിയ വർക്കുകൾ ഈ ഓഫീസിലാണ് ചെയ്തുവന്നിരുന്നത്.

ഈ ഓഫീസ് ജലവിഭവ വകുപ്പ് വകുപ്പ് മന്ത്രിയുടെ മണ്ഡലമായ ചിറ്റൂരിലേക്ക് കൊണ്ടുപോകാനാണ് ശ്രമം നടക്കുന്നത്.രണ്ടുവർഷം മുമ്പ് വേഴപ്ര(മങ്കൊമ്പ്) യിലുള്ള ഡിവിഷണൽ ഓഫീസ് നിർത്താനുള്ള സർക്കാർ തീരുമാനം അന്ന് കുട്ടനാട് എം.എൽ.എ ആയിരുന്ന തോമസ് ചാണ്ടി ശക്തമായി എതിർത്തതു കൊണ്ട് ഉപേക്ഷിച്ചിരുന്നു.