ആലപ്പുഴ/തുറവൂർ: ആലപ്പുഴ നഗരത്തിലെ വീട്ടിൽ അതിക്രമിച്ച് കയറി വധഭീഷണി മുഴക്കിയ കേസിൽ രണ്ടാം പ്രതി കപിൽ ഷാജിയെ സംഭവം നടന്ന് രണ്ട് ദിവസം പിന്നിട്ടിട്ടും പിടികൂടാനായില്ല. ഒന്നാം പ്രതി ലിനോജ് സൗത്ത് പൊലീസ് സ്റ്റേഷനിലെ സി.പി.ഒ സജീഷ് സദാനന്ദനെ വെട്ടിയ കേസിൽ റിമാൻഡിലാണ്. കുത്തിയതോട് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരെ മാരകമായി അക്രമിച്ച എഴുപുന്ന സ്വദേശികളും സഹോദരങ്ങളുമായ ഗോഡ്ണിനെയും ഗോഡ്വിനെയും ഇന്നലെ ചേർത്തല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നെഞ്ചിന് കുത്തേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള കുത്തിയതോട് സ്റ്റേഷനിലെ സി.പി.ഒ വിജേഷിന്റെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. പ്രതികളുടെ ആക്രമണത്തിൽ പരിക്കേറ്റ് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുത്തിയതോട് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ വിനോയ്, ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന സൗത്ത് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ സജീഷ് എന്നിവർ ആശുപത്രി വിട്ടു.