ആലപ്പുഴ: പക്ഷിപ്പനി നിയന്ത്രണ പ്രവർത്തനങ്ങൾ വിലയിരുത്താൻ കളക്ടറേറ്റിൽ നടന്ന അടിയന്തര അവലോകന യോഗത്തിൽ ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി കെ.രാജു. രോഗം സ്ഥിരീകരിച്ച പ്രദേശത്തിന് ഒരു കിലോമീറ്റർ ചുറ്റളവിൽ താറാവ്, കോഴി, അലങ്കാര പക്ഷികൾ, മറ്റ് വളർത്ത് പക്ഷികൾ എന്നിവയെ കൊന്നാടുക്കാനാണ് നിർദേശം നൽകിയത്. കോട്ടയം ജില്ലയിൽ നീണ്ടൂരിൽ 7729 പക്ഷികളെ കൊന്നതിൽ 7597 താറാവുകളും 132 കോഴികളുമാണുള്ളത്. ആലപ്പുഴയിൽ 37656 താറാവുകളെ മാത്രമാണ് കൊന്നത്. മറ്റ് പക്ഷികൾ ഒന്നുപോലും ഇല്ലായിരുന്നു. ഇത് ശ്രദ്ധയിൽ പെട്ടതോടെ ഉദ്യോഗസ്ഥർ അലംഭാവം വെടിഞ്ഞ് സർക്കാർ നിർദേശം പാലിച്ച് പ്രവർത്തിക്കണമെന്ന് മന്ത്രി നിർദേശം നൽകി. ജില്ലയിൽ നിലവിലുള്ള 19 റാപ്പിഡ് റെസ്പോൺസ് ടീമുകളുടെ സഹായത്തോടെയാണ് പക്ഷികളെ കൊന്നൊടുക്കുന്നത്. പക്ഷികളെ കള്ളിംഗിനായി ഏറ്റെടുക്കുമ്പോൾ കൃത്യമായി മഹസർ തയ്യാറാക്കി പക്ഷികളുടെ എണ്ണവും ഉടമസ്ഥരുടെ വിവരങ്ങളും സൂക്ഷിക്കാനും നിർദ്ദേശിച്ചു.
നിലവിൽ മൃഗാശുപത്രികളിൽ രജിസ്റ്റർ ചെയ്യാത്ത കർഷകരെയും ആനുകൂല്യത്തിനുള്ള അർഹത പട്ടികയകിൽ ഉൾപ്പെടുത്താനാണ് രജിസ്റ്റർ തയ്യാറാക്കുന്നത്. ദേശാടനപക്ഷികൾ ചത്തു വീഴുന്നുണ്ടോയെന്ന് നിരീക്ഷണം നടത്താനായി ഫോറസ്റ്റ് ഉദ്യോഗസ്ഥരേയും ചുതലപ്പെടുത്തി. നിലവിൽ ജില്ലയിൽ രണ്ട് താലൂക്കുകളിൽ ഏർപ്പെടുത്തിയ ഇറച്ചി, മുട്ടവില്പന നിരോധനം കുറച്ച് ദിവസത്തേക്കുകൂടി തുടരും. പക്ഷിപ്പനി നിയന്ത്രണ വിധേയമാകുമ്പോൾ നിരോധനം പിൻവലിക്കാൻ കളക്ടറെ ചുമതലപ്പെടുത്തി.