കാർ യാത്രക്കാരായ ആറു പേർക്ക് പരിക്ക്
ദേശീയപാതയിൽ ഗതാഗതം തിരിച്ചുവിട്ടു
ഹരിപ്പാട്: ദേശീയപാതയിൽ കരുവാറ്റ പവർ ഹൗസിന് സമീപം ഡീസൽ ടാങ്കർ ലോറിയും ഇന്നോവ കാറും കുട്ടിയിടിച്ചു ആറ് പേർക്ക് പരിക്കേറ്റു. അപകടത്തെ തുടർന്ന് ടാങ്കർ ലോറി താഴ്ചയിലേക്ക് മറിഞ്ഞു സീസൽ ദേശീയപാതയിലേക്ക് ഒഴുകി. ഇന്നലെ രാവിലെ 10.15 നായിരുന്നു അപകടം. ഇന്നോവയിലുണ്ടായിരുന്ന വള്ളികുന്നം കടുവിനാൽ പള്ളിക്കൽ തറയിൽ തങ്ങൾ ( 52 ), രാമൻചിറ വടക്കതിൽ ആബിദ (59), അബ്ദുൾ അസീസ് (60), ഷാലുദ്ദീൻ (42), ഇടയൻകുറ്റിയിൽ ഷാജഹാൻ (42), സത്താർ (50) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഡീസലുമായി എറണാകുളത്ത് നിന്നും കൊല്ലത്തേക്ക് പോകുകയായിരുന്ന ടാങ്കർ ലോറി എതിരേവന്ന ഇന്നോവ കാറുമായി കൂട്ടിയിടിച്ച് വയലിലേക്ക് മറിയുകയായിരുന്നു. ടാങ്കറിന്റെ മുന്ന് അറകളിലായുണ്ടായിരുന്ന ഡീസൽ ലീക്കായി ദേശീയപാതയിലേക്ക്ഒഴുകി. ഉടൻ തന്നെ ഹരിപ്പാട്, കായംകുളം, ആലപ്പുഴ ഭാഗങ്ങളിൽ നിന്നും അഞ്ച് യൂണീറ്റ് ഫയർഫോഴ്സ് എത്തി അക്വാഫിലിം ഫോമിന്ദ് എന്ന ലായനി ഉപയോഗിച്ച് തീകത്താതിരിക്കാനുള്ള മുൻ കരുതൽ നടപടികൾ സ്വീകരിച്ചു. വൈകിട്ടോടെ മൂന്ന് ക്രെയിനുകൾ ഉപയോഗിച്ചാണ് ടാങ്കർ ഉയർത്തിയത്. ഇതിന് ശേഷം മറ്റൊരു ടാങ്കറിലേക്ക് ഇന്ധനം പകർത്തി. അപകടത്തെ തുടർന്ന് വൈകിട്ടു നാല് മണിവരെ
ദേശീയപാതയിൽ ഗതാഗതം വഴി തിരിച്ചു വിട്ടു. ഹരിപ്പാട്, വീയപുരം, അമ്പലപ്പുഴ പൊലീസും, ഹരിപ്പാട് എമർജൻസി റെസ്ക്യൂ ടീമും, റാപിഡ് റെസ്ക്യൂ ടീം, മോട്ടോർവെഹിക്കിൾ ഡിപ്പാർട്മെന്റ്, സിവിൽ ഡിഫൻസ് ടീമും, നാട്ടുകാരും ചേർന്ന് റോഡ് ഗതാഗതം നിയന്ത്രിച്ചു. ഹരിപ്പാട് നിന്നും കായംകുളത്ത് നിന്നും രണ്ട് വീതവും ആലപ്പുഴയിൽ നിന്നും ഒന്നും യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് ടാങ്കർ തണുപ്പിച്ചതും റോഡിൽ നിന്നും ഡീസൽ നീക്കം ചെയ്തതും. ഹരിപാട് ഫയർ സ്റ്റേഷൻ ഓഫീസർ മുനിവ് റൽ ഉസ്മാൻ , എ.എസ്. ഒ ദിലീപ് കുമാർ, സീനിയർ ഓഫിസർ പി.ബിജുകുമാർ, എന്നിവരുടെ നേതൃത്വത്തിലുള 20 ഓളം ജീവനക്കാരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
ഭീതിയുടെ മണിക്കൂറുകൾ
ടാങ്കർ മറിഞ്ഞതും ഡീസൽ ലീക്ക് ഉണ്ടെന്നുള്ളതും ഏവരെയും ഭയപ്പാടിലാക്കി. വാഹനഗതാഗതം നിയന്ത്രിച്ച് പ്രദേശത്തേക്ക് വാഹനങ്ങൾ കടത്തി വിടാതിരുന്നതിനാൽ അപകട സാധ്യത കുറഞ്ഞു. പിന്നീട് ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ തീകത്താതിരിക്കാനുള്ള മുൻ കരുതൽ നടപടികൾ സ്വീകരിച്ചു. അപകട സാധ്യത വളരെ കുറച്ച ശേഷമാണ് മൂന്ന് ക്രെയിനുകൾ ഉപയോഗിച്ച് ലോറി ഉയർത്തിയത്. ടാങ്കർ താഴ്ചയിലേക്ക് മറിഞ്ഞതിനാൽ ദേശീയപാതയിൽ ഡീസൽ അധികം വ്യാപിച്ചില്ല. രാവിലെ 10.30 ഓടെ ആരംഭിച്ച രക്ഷാപ്രവർത്തനം വൈകിട്ട് 5 മണി വരെ തുടർന്നു.