ആലപ്പുഴ: എൻ.ടി.പി.സിയിലെ കേന്ദ്രീയ വിദ്യാലയത്തിന്റെ പ്രവർത്തനം അവസാനിപ്പിക്കാനുള്ള നീക്കം പിൻവലിക്കണമെന്നും വിദ്യാലയം അവിടെത്തന്നെ തുടർന്നും പ്രവർത്തിപ്പിക്കണമെന്നുമാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാൽ നിഷാങ്കിനും കേന്ദ്ര ഊർജ്ജ വകുപ്പ് മന്ത്രി ആർ.കെ.സിംഗിനും കത്ത് നൽകി.നൂറുക്കണക്കിന് വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്. വിദ്യാലയം അടിച്ച് പൂട്ടുന്നത് അവരുടെ ഭാവി വിദ്യാഭ്യാസത്തെ ദോഷകരമായി ബാധിക്കുമെന്ന് കത്തിൽ ചൂണ്ടിക്കാട്ടി.
എൻ.ടി.പി.സി നൽകിയിരുന്ന സാമ്പത്തിക സഹായം കൊണ്ടാണ് സ്‌കൂൾ പ്രവർത്തിച്ചിരുന്നത്. ഇപ്പോൾ സാമ്പത്തിക പ്രതിസന്ധികൾ മൂലം എൻ.ടി.പി.സിക്ക് ഇതിന് കഴിയാതെ വന്നിരിക്കുകയാണ്. കേന്ദ്ര സർക്കാർ നേരിട്ട് ഫണ്ട് നൽകിയോ മറ്റ് മാർഗങ്ങളിൽ കൂടിയോ വിദ്യാലയം ഇവിടെ നില നിർത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.