ഭാര്യയുടെ നില ഗുരുതരം
ആലപ്പുഴ: മുന്നിൽ പോയ മിനിലോറിയിൽ നിന്നും പടുത (ടർപ്പോളിൻ) തെറിച്ചു മുകളിൽ വീണതിനെത്തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ടോറസ് ലോറിയിലിടിച്ച് ഡ്രൈവർ മരിച്ചു. ഓട്ടോ ഓടിച്ചിരുന്ന കോട്ടയം പള്ളം പന്നിമറ്റം പുളിമൂട്ടിൽ (നടുപ്പറമ്പിൽ) വീട്ടിൽ സജീവ് (54) ആണ് മരിച്ചത്. ഓട്ടോയിലുണ്ടായിരുന്ന സജീവിന്റെ ഭാര്യ ലീലാമ്മയെ(54) ഗുരുതര പരിക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം അഞ്ചോടെ പള്ളാത്തുരുത്തി ഒന്നാം പാലത്തിനു സമീപമായിരുന്നു അപകടം.
ലീലാമ്മയെ ആലപ്പുഴയിലെ ഒരു ഡോക്ടറുടെ വീട്ടിൽ കാണിക്കുന്നതിനായി ഇരുവരും ഓട്ടോയിൽ വരുമ്പോൾ മുന്നിൽ പോയ ലോറിയിലെ പടുത അഴിഞ്ഞു പറന്നു വീഴുകയായിരുന്നു. പടുത മുഴുവനായി ഓട്ടോയിലേക്ക് വീണതോടെ ഡ്രൈവറുടെ കാഴ്ചമറഞ്ഞു നിയന്ത്രണം വിട്ട ഓട്ടോ എതിർദിശയിൽ ലോഡുമായി വന്ന ടോറസ് ലോറിക്കടിയിലേക്ക് ഇടിച്ചു കയറി . 15 മിനിറ്റോളം ഓട്ടോയിൽ കുടുങ്ങിക്കിടന്ന ലീലാമ്മയെയും സജീവിനെയും ആലപ്പുഴയിൽനിന്നെത്തിയ ഫയർഫോഴ്സാണ് പുറത്തെടുത്തത്. സജീവിന്റെ ജീവൻ രക്ഷിക്കാനായില്ല. മക്കൾ: എം.എസ്.അരവിന്ദ്, എം.എസ്. അജിത്