മാവേലിക്കര: സുഭിക്ഷകേരളം പദ്ധതിയിൽ ഉൾപ്പെടുത്തി മാവേലിക്കര നഗരസഭയിൽ നടപ്പാക്കിവന്ന തരിശുരഹിത കൃഷി പദ്ധതിയുടെ ഭാഗമായി ഏറ്റെടുത്ത മണക്കാട് പുഞ്ചയിലെ 25 ഏക്കറിൽ നെൽകൃഷിയിറക്കുന്നു.
25 വർഷങ്ങൾക്ക് ശേഷമാണ് മണക്കാട് പുഞ്ചയിൽ കൃഷിയിറക്കുന്നത്. കേരള കർഷക സംഘം മാവേലിക്കര ഏരിയ കമ്മിറ്റിയംഗം തെക്കേക്കര വരേണിക്കൽ ശ്രീമംഗലത്ത് എസ്.ആർ ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് കൃഷിയിറക്കുന്നത്. നിലമൊരുക്കൽ പ്രവർത്തനത്തിന് ബുധനാഴ്ച തുടക്കമായി. മൂപ്പുകുറഞ്ഞ നെൽവിത്താണ് വിതയ്ക്കുന്നത്. പാടശേഖര സമിതിയുടെ പൂർണ്ണ പിന്തുണയിലാണ് കൃഷിയിറക്കുന്നതെന്ന് മാവേലിക്കര കൃഷി ഓഫീസർ മനോജ് പറഞ്ഞു. നിലമൊരുക്കലിന് എസ്.ആർ ശ്രീജിത്ത്, പാടശേഖരസമിതി പ്രസിഡന്റ് കൃഷ്ണപിള്ള, സെക്രട്ടറി സുരേഷ്‌കുമാർ, കൃഷി ഓഫീസർ മനോജ് എന്നിവർ നേതൃത്വം നൽകി.