തുറവൂർ: എഴുപുന്ന കരുമാഞ്ചേരിയിൽ രണ്ട് സിവിൽ പൊലീസ് ഓഫീസർമാരെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ സാമൂഹിക മാദ്ധ്യമങ്ങളിലടക്കം പ്രതിഷേധം വ്യാപകം.

പരിക്കേറ്റ പൊലീസുകാരായ വിജേഷ്, വിനോയ് എന്നിവരുടെ ചിത്രങ്ങളുമായി കുത്തിയതോട് പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുകയാണ്. യുവാക്കളടക്കം നൂറ് കണക്കിന് പേർ ഇത് ഷെയർ ചെയ്യുന്നുണ്ട്.

പോസ്റ്റ് ഇങ്ങനെ: നീ കുത്തിയ കത്തി തുളച്ചു കയറിയത് കാക്കിയിട്ടൊരു നെഞ്ചിലേക്ക് മാത്രമല്ല,കരളുറപ്പുള്ള ഒരു സേനയുടെ വിശ്വാസത്തിന്റെ ചങ്കുറപ്പിലേക്കാണ്... കത്തിയോ, തോക്കോ ഇനി ബോംബ് തന്നെ ആയിക്കോട്ടെ ഒരു പ്രശ്ന സ്ഥലത്തേക്ക് ഞങ്ങളെത്തുമ്പോൾ ആശ്വസിക്കുന്ന സാധാരണക്കാരന് കാക്കിയിലുള്ള വിശ്വാസമാണ് നെഞ്ചിൽ കുത്ത് കിട്ടിയിട്ടും നിന്നെ കീഴടക്കി ഞങ്ങൾ ഉറപ്പിച്ചത്... മനുഷ്യാവകാശ സംരക്ഷണം എന്നും അന്യം കൽപ്പിച്ച് പോരുന്ന കാക്കിയുടെ മേലേ ഉള്ള ചില സാമൂഹ്യവിരുദ്ധരുടെ കുതിരകയറ്റം ചിലപ്പോഴൊക്കെ കയ്യടിച്ചും നിശബ്ദവും പ്രോത്സാഹിപ്പിക്കുന്നവർ ഒന്നോർത്താൽ നന്ന്, കളകൾ പറിച്ചു കളയുക തന്നെ വേണം, ഞങ്ങൾ നാവടക്കി കൈയും കെട്ടി ഒതുങ്ങി നിന്നാൽ, നടക്കാൻ പോകുന്നത് സാമൂഹ്യദ്രോഹികളുടെ അഴിഞ്ഞാട്ടമായിരിക്കും, വിപത്തുകളെ ക്ഷണിച്ചു വരുത്തുന്ന വിന… അതവസാനിപ്പിച്ചേ മതിയാവൂ- കുത്തിയതോട് പൊലീസ്