മാവേലിക്കര: ചെറിയനാട് മാമ്പള്ളിപ്പടിയിൽ ആളില്ലാ ലെവൽ ക്രോസിൽ കുടുങ്ങിയ ജീപ്പിൽ ട്രെയിൻ
ഇടിച്ചതിനെത്തുടർന്ന് ട്രെയിനിന് കേടുപാടുകൾ സംഭവിച്ചെന്ന കേസിൽ റെയിൽവേയ്ക്ക് 85,615 രൂപ നഷ്ടപരിഹാരം നൽകാൻ വിധി.

2002 ജൂലായ് 7ന് രാവിലെ 8.35ന് പരശുറാം എക്സ്പ്രസ് കണ്ട് ട്രാക്കിൽ ജീപ്പ് നിറുത്തി കൊച്ചുകുട്ടിയുമായി ഡ്രൈവർ ഓടി രക്ഷപ്പെടുകയായിരുന്നു. ജീപ്പിൽ ഇടിച്ച് ട്രെയിന് നാശനഷ്ടം ഉണ്ടായി എന്ന കേസിൽ ജീപ്പ് ഡ്രൈവർ പുലിയൂർ കല്യാണസദനത്തിൽ രവിയെയും ജീപ്പിന്റെ ഇൻഷ്വറൻസ് കമ്പനിയേയും പ്രതിയാക്കി റെയിൽവേ തിരുവനന്തപുരം ഡിവിഷണൽ മാനേജർ ഫയൽ ചെയ്ത കേസിലാണ് മാവേലിക്കര മോട്ടോർ ആക്സിഡന്റ് ക്ലയിം ട്രൈബൂണൽലിന്റെ വിധി.

ട്രെയിനിനുണ്ടായ നാശ നഷ്ടങ്ങൾക്ക് പലിശ ഉൾപ്പെടെയുള്ള തുക ഡിവിഷണൽ വർക്ക് മാനേജർ കൈപ്പറ്റി. റയിൽവേയ്ക്ക് അനുകൂലമായി ഉണ്ടാകുന്ന ഒരു അപൂർവ്വ വിധിയാണിത്. റെയിൽവേയ്ക്കു വേണ്ടി അഡ്വ. അനിൽ വിളയിൽ ഹാജരായി.