കിലോയ്ക്ക് 5000 എത്തി, ഒറ്റദിവസം ഇടിഞ്ഞത് 3000!
ആലപ്പുഴ: കിലോയ്ക്ക് 5000 രൂപ വരെയെത്തിയ മുല്ലപ്പൂവിന് ഒറ്റ ദിവസം കൊണ്ട് ഇടിഞ്ഞത് 3000 രൂപയിലേറെ! മൂന്നു വർഷം മുമ്പ് കിലോയ്ക്ക് 600 രൂപയായിരുന്ന മുല്ലപ്പൂവിന്റെ വില കുതിച്ചുയർന്ന ശേഷം 1000 രൂപയിൽ താഴ്ന്നിട്ടില്ല. വിവാഹങ്ങളും മറ്റ് ആഘോഷങ്ങളും പതിയെ തിരിച്ചെത്താൻ തുടങ്ങിയതോടെ ഇതുവരെയുണ്ടായ നഷ്ടം നികത്താനെന്നോണം കയറ്റിയ വില, കച്ചവടം ഇടിഞ്ഞപ്പോൾ അതേപോലെ താഴുകയായിരുന്നു. ഡിസംബർ, ജനുവരി മാസങ്ങളിൽ മഞ്ഞിന്റെ പേരിൽ മുല്ലപ്പൂവിന് വില കൂട്ടുന്ന പതിവുമുണ്ട്.
ഇന്നലെയാണ് ഒറ്റയടിക്ക് വില 2000 രൂപയിൽ താഴെയെത്തിയത്. വില കൂടി നിന്നപ്പോൾ മുഴം കണക്കാക്കിയുള്ള വില്പന നിറുത്തിയിരുന്നു. പിടിച്ചു നിൽക്കാൻ ബംഗളുരുവിൽ നിന്ന് വില കുറഞ്ഞ മുല്ലമൊട്ടുകളാണ് നിലവിൽ എത്തുന്നത്. ഈ മൊട്ടുകൾക്ക് വലിപ്പം കുറവാണെന്നും വ്യാപാരികൾ പറയുന്നു. കനത്ത മഞ്ഞിലും ഇടമഴയിലും പൂക്കൾ ചീഞ്ഞതും തിരിച്ചടിയായി. രാത്രിയിലെ മഞ്ഞും പകൽ സമയത്തെ കനത്ത വെയിലും പൂക്കൾക്ക് ദോഷമായി. ഒരുമാസം മുമ്പ് ഇതിന്റെ പകുതിയിൽ താഴെയായിരുന്നു വില. തമിഴ്നാട് ഡിണ്ടിഗൽ, നിലക്കോട്ട, ഒട്ടൻഛത്രം, പഴനി, ആയക്കുടി, വത്തലഗുണ്ട് എന്നിവിടങ്ങളിലായി ആയിരത്തിലധികം പ്രദേശങ്ങളിലാണ് മുല്ലക്കൃഷിയുള്ളത്. കേരളത്തിന്റെ അതിർത്തിയിൽ വ്യാപകമായി മുല്ലക്കൃഷി ഉണ്ടെങ്കിലും അവയെല്ലാം കോയമ്പത്തൂർ, തോവാള എന്നിവിടങ്ങളിലെ മൊത്തവില്പന മാർക്കറ്റുകളിലെത്തിയ ശേഷമാണ് കേരളത്തിലെത്തുന്നത്. ഇവിടെ മൊത്തവിപണന കേന്ദ്രങ്ങളില്ലാത്തതാണ് കാരണം.
കേരളത്തിലെ കൃഷിയെ മഞ്ഞുകാലം കാര്യമായി ബാധിച്ചിട്ടില്ല. തമിഴ്‌നാട്ടിൽ ഉത്പാദനം പത്തിലൊന്നായി ചുരുങ്ങി. തോവാളയിൽ മുല്ലപ്പൂവിന് 6000 രൂപവരെയുണ്ട്. അതിനാൽ കേരളത്തിലേക്ക് കൊണ്ടുവരുന്നില്ല. ഒരു മുഴം പൂവിന് 10 രൂപയുണ്ടായിരുന്നത് പിന്നീട് 50ഉം 100ഉം ഒക്കെയായി. വില പിന്നെയും കൂടിയതോടെ മുഴം കണക്കിൽ പൂവ് വില്പനയും ഇല്ലാതായി. ഇന്നലെ വില കുറഞ്ഞെങ്കിലും ഏത് സമയവും ഉയരാമെന്നാണ് കച്ചവടക്കാർ പറയുന്നത്. മുല്ലപ്പൂവിനൊപ്പം അരളി, ചെണ്ടുമല്ലി, ലില്ലി, റോസ്, താമര എന്നിവയ്ക്കും വില ഉയർന്നിട്ടുണ്ട്.
ജൂൺ മുതൽ സീസൺ
ജൂൺ മുതൽ ഒക്ടോബർ വരെയാണ് മുല്ലയ്ക്ക് മെച്ചപ്പെട്ട വിളവ് കിട്ടുന്നത്. അഞ്ചേക്കറിൽ നിന്ന് 200 കിലോ ഗ്രാമിലേറെ പൂവ് ഒരു ദിവസം ലഭിച്ചിരുന്നു. നിലവിൽ ഇത് അഞ്ചു കിലോഗ്രാമിൽ താഴെയായി. രണ്ടാഴ്ച മുമ്പ് വരെ 20 കിലോ വരെ പൂവ് ലഭിച്ചിരുന്നു. മധുര ഭാഗത്ത് അരലക്ഷത്തിലേറെ ഏക്കർ ഭൂമിയിൽ മുല്ലക്കൃഷി ചെയ്യുന്നുണ്ട്. നിത്യേന 10 ടൺ മുല്ലപ്പൂ എത്തിയിരുന്ന തിരുപ്പൂർ മാർക്കറ്റിൽ നിലവിൽ ശരാശരി 100 കിലോയിൽ താഴെയാണ് എത്തുന്നത്.
മുല്ലപ്പൂവിന് വില കുറഞ്ഞത് ആശ്വാസമാണ്. വില കൂടിയപ്പോൾ ബുക്കിംഗ് അനുസരിച്ചാണ് പൂവ് എടുത്തിരുന്നത്. വിറ്റുപോയില്ലെങ്കിൽ നഷ്ടമാകും. തമിഴ്നാട് മുല്ലപ്പൂവിനാണ് ആവശ്യം കൂടുതൽ. ഇപ്പോൾ എത്തുന്ന മൊട്ടുകൾക്ക് വലിപ്പം കുറവാണ്
(വിനോദ്, വിനായക ഫ്ലവർഷോപ്പ് ഉടമ, ആലപ്പുഴ)