s

ആലപ്പുഴ : കുട്ടനാട്ടിലെ മൃഗങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതി​ന് ആരംഭി​ച്ച മോട്ടോർ ബോട്ട് വെറ്ററിനറി ആശുപത്രിയുടെ സേവനം എല്ലാ ദി​വസവും ലഭ്യമാക്കണമെന്ന ആവശ്യമുയരുന്നു. ഇപ്പോൾ ആഴ്ചയി​ൽ രണ്ട് ദി​വസം മാത്രമേ മൊബൈൽ ആശുപത്രി​ പ്രവർത്തി​ക്കുന്നുള്ളൂ. ഇതോടെ കുട്ടനാടിന്റെ എല്ലാ ഭാഗങ്ങളി​ലും സേവനം കി​ട്ടാതെയുമായി​. വാടക ബോട്ടി​ലാണ് ആശുപത്രി​യുടെ പ്രവർത്തനം.

പക്ഷിപ്പനി ഉൾപ്പെടെയുള്ളവ പടർന്നു പി​ടി​ക്കുന്ന സാഹചര്യത്തി​ൽ കർഷകരുടെ ആശങ്ക ഒഴി​വാക്കാൻ ആശുപത്രിയുടെ പ്രവർത്തനം എല്ലാ ദി​വസവും ഉറപ്പാക്കണമെന്നാണ് ആവശ്യം.

കാലികൾക്ക് തുടർച്ചയായ ദി​വസങ്ങളി​ൽ കുത്തിവയ്പ്പ് എടുക്കേണ്ട സാഹചര്യത്തിലാണ് കർഷകർ ബുദ്ധിമുട്ടുന്നത്. കഴിഞ്ഞ മാസം കൈനകരിയിൽ ഒരു ആടിന് ന്യുമോണിയ ബാധിച്ചു. മോട്ടോർ ബോട്ട് ആശുപത്രി അധികൃതർ എത്തി ചികിത്സ ആരംഭിച്ചു. തുടർച്ചയായി അഞ്ച് ദിവസം കുത്തിവയ്പ്പ് എടുത്താലെ രോഗം ഭേദമാകൂ. എല്ലാ ദിവസവും സംഘത്തിന് എത്തിച്ചേരാൻ കഴിയാത്തതിനാൽ പ്രത്യേകം ആളെ വി​ളി​ച്ചാണ് വീട്ടുകാർ കുത്തിവയ്പ് എടുപ്പിച്ചത്.

തുടക്കം 1972ൽ

എല്ലാ പഞ്ചായത്തിലും സർക്കാർ മൃഗാശുപത്രികൾ തുടങ്ങുന്നതിന് മുമ്പാണ് കുട്ടനാട്ടിലെ കാലിവളർത്തൽ കർഷകർക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കൻ 1972ൽ അന്നത്തെ മന്ത്രി വക്കംപുരുഷോത്തമൻ താല്പര്യം എടത്ത് മോട്ടോർ ബോട്ട് വെറ്ററിനറി ആശുപത്രിയുടെ പ്രവർത്തനം തുടങ്ങിയത്. ഒന്നുവീതം സീനിയർ വെറ്ററിനറി സർജൻ, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ, അറ്റൻഡർ, ബോട്ട് ഡ്രൈവർ തസ്തികയും അനുവദിച്ചു. ആശുപത്രിയുടെ ആസ്ഥാനം ജില്ലാ വെറ്ററിനറി കേന്ദ്രമാക്കി​. 1976ൽ ബോട്ട് അനുവദിച്ചതോടെ ആഴ്ചയിൽ ഏഴ് ദിവസവും കുട്ടനാട്ടിലെ 12പഞ്ചായത്തുകളിലും ആശുപത്രിയുടെ സേവനം ലഭി​ച്ചു തുടങ്ങി. ആദ്യബോട്ട് തകരാറായതിനെ തുടർന്ന് 1986ൽ "ഗോവർദ്ധൻ" എന്ന പേരിൽ ബോട്ട് സർക്കാർ അനുവദിച്ചു. മെച്ചപ്പെട്ട പ്രവർത്തിനിടെ ഈ ബോട്ടും തകരാറിലാകുകയും 1998ൽ ബോട്ട് കണ്ടംചെയ്യുകയും ചെയ്തോടെ ആശുപത്രി​യുടെ പ്രവർത്തനം വാടക ബോട്ടിലായി​. പ്രവർത്തനം രണ്ട് ദിവസമായി ചുരുക്കിയതോടെ എല്ലാ പഞ്ചായത്തുകളിലും എത്തിച്ചേരാൻ കഴിയാത്ത അവസ്ഥയായി.

14 കേന്ദ്രങ്ങളി​ൽ സേവനം

ചൊവ്വ, വെള്ളി ദിവസങ്ങളിൽ സ്ഥിരമായുള്ള 14കേന്ദ്രങ്ങളിൽ മാത്രമാണ് ആശുപത്രി​യുടെ സേവനം ലഭി​ക്കുക.

രാവിലെ 9മുതൽ വൈകിട്ട് 3മണിവരെയാണ് പ്രവർത്തനം. അവസാന കേന്ദ്രത്തിൽ നിന്ന് മടങ്ങി ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ എത്തുമ്പോൾ അഞ്ചുമണിയാകും.

"നഗരസഭയിലെ ചിലവാർഡുകളിലും കൈനകരി, നെടുമുടി എന്നീ പഞ്ചായത്തുകളുടെ പ്രദേശങ്ങളി​ലുമാണ് ഇപ്പോൾ ആശുപത്രി​യുടെ സേവനം ലഭി​ക്കുക. പ്ളാൻഫണ്ടിൽ നിന്ന് ലഭിക്കുന്ന തുക ഉപയോഗിച്ചാണ് ബോട്ട് വാടക നൽകുന്നത്. മരുന്ന് വാങ്ങുവാൻ 30,000രൂപയും വർഷത്തിൽ ലഭിക്കുന്നുണ്ട്. കൂടുതൽ ദിവസം സർവീസ് നടത്തുന്നതിന് അനുമതി തേടിയിട്ടുണ്ട്.

ഡോ. വിമൽ സേവ്യർ, സീനിയർ വെറ്ററിനറി സർജൻ