ആലപ്പുഴ: നഗരത്തിലെ കോൺക്രീറ്റ് പാലങ്ങൾക്ക് സമാന്തരമായി സ്റ്റീൽ ഷീറ്റിൽ നിർമ്മിച്ച നടപ്പാലങ്ങൾ ഉപയോഗശൂന്യമായത് കാൽനടയാത്രക്കാരുടെ ജീവന് ഭീഷണി ഉയർത്തുന്നു.

കൊമേഴ്സ്യൽ കനാലിന് കുറുകെ ഇരുമ്പുപാലത്തിന് സമീപം, സീറോ ജംഗ്ഷന് പടിഞ്ഞാറ്, നഗരസഭാ ഓഫീസിന് സമീപം, കൊത്തുവാൽ ചാവടി പാലത്തിന് സമീപം, വാടക്കനാലിന് കുറുകേ പൊലീസ് കൺട്രോൾ റൂമിന് കിഴക്ക്, ജില്ലാ കോടതി പാലത്തിന് സമാന്തരം, ശവക്കോട്ടപ്പാലത്തിന് സമീപം, കയർഫെഡ് ഓഫീസി​ന് സമീപം എന്നീ പ്രധാന കേന്ദ്രങ്ങളിലെ പാലങ്ങളാണ് തുരുമ്പെടുത്ത് നശിക്കുന്നത്.

ജലസേചനവകുപ്പും നഗരസഭയും നി​ർമി​ച്ച പാലങ്ങളി​ൽ യഥാസമയത്ത് കൃത്യമായ അറ്റകുറ്റപണി നടത്താത്തത് മൂലമാണ് ഷീറ്റ് തുരുമ്പെടുത്ത് നശിച്ചത്. ജലസേചന വകുപ്പ് സ്റ്റീൽ ഷീറ്റിൽ നിർമ്മിച്ച നഗരത്തിലെ ആദ്യ നടപ്പാലം ഇരുമ്പ് പാലത്തിന് സമാന്തരമായിട്ടുള്ളതാണ്. കൃത്യമായി അറ്റകുറ്റ പണി നടത്താത്തതിനാൽ മുകൾ ഭാഗത്ത് വിരിച്ച സ്റ്റീൽ ഷീറ്റിന്റെ പല ഭാഗങ്ങളും തുരുമ്പ് എടുത്ത് പല ഭാഗങ്ങളും തകർന്ന അവസ്ഥയിലാണ്. നഗരത്തിൽ ഏറ്റവും അധികം ഗതാഗത കുരുക്ക് ഉണ്ടാക്കുന്ന പാലമാണ് ഇരുമ്പ് പാലം. വീതികുറഞ്ഞ പാലമായതിനാൽ നിരവധി ജീവനുകൾ അപകടത്തിൽപെട്ട് നഷ്ടമായതിനെ തുടർന്നാണ് പാലം നിർമ്മിച്ചത്. നഗരസഭാ ഏറ്റെടുത്ത് അറ്റകുറ്റപണി നടത്താൻ താല്പര്യം പ്രകടിപ്പിച്ചെങ്കിലും ഇറിഗേഷൻ വകുപ്പ് പച്ചക്കൊടി കാട്ടി​യിട്ടില്ല. ഇതേ അവസ്ഥയാണ് ജില്ലാ കോടതിപാലത്തിന് സമാന്തരമായി നിർമ്മിച്ച നടപ്പാലത്തിന്റെ അവസ്ഥയും. പൊലീസ് കൺട്രോൾ റൂമിന് കിഴക്ക് മന്ത്രി ഡോ. തോമസ് ഐസകിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച തുക കൊണ്ടാണ് നടപ്പാലം നിർമ്മിച്ചത്. ഇതിന്റെ മുകൾ ഭാഗത്ത് കൃത്യമായി അറ്റകുറ്റപണി നടത്തി​യി​ട്ടി​ല്ല. കൈവരികൾ തുരുമ്പെടുത്ത് ശോചനീയാവസ്ഥയിലാണ്. ജനകീയാസൂത്രണ പദ്ധതി പ്രകാരം 17 വർഷം മുമ്പ് 22 ലക്ഷത്തോളം രൂപ മുടക്കി കൊത്തുവാൽ ചാവടി പാലത്തിന് സമീപം നിർമ്മിച്ച നടപ്പാതയും ഉപയോഗശൂന്യമായി. ആർക്കും ആവശ്യമില്ലാതെ വന്നതോടെ തുരുമ്പെുത്ത് നശിച്ചുതുടങ്ങിയ ഈ പാലം പൊളിച്ചു നീക്കുകയേ ഇനി നിവൃത്തിയുള്ളൂ.

മാർക്കറ്റിനു സമീപമുള്ള കൊത്തുവാൽച്ചാവടി പാലത്തിലെ തിരക്ക് ഒഴിവാക്കാനും കാൽനട യാത്രികർക്ക് സ്വസ്ഥമായി അക്കരെയിക്കരെ കടക്കാനുമാണ് നടപ്പാലം നിർമ്മിച്ചത്. പക്ഷേ, ലക്ഷങ്ങൾ മുടക്കിയത് മാത്രം മിച്ചം. നടപ്പാതയിലൂടെ ആളുകൾ സഞ്ചരിക്കാതെ വന്നിട്ടും നഗരസഭ അധികൃതരും പാലം നിർമ്മിച്ച വരുമൊന്നും തിരിഞ്ഞുപോലും നോക്കിയില്ല. ചുങ്കം, പള്ളാത്തുരുത്തി, നെഹ്രുട്രോഫി, പുന്നമട എന്നിവിടങ്ങളിൽ ഇതേപോലൊരു പാലമെങ്കിലും നിർമ്മിച്ചുതരണമെന്ന പ്രദേശവാസികളുടെ ആവശ്യത്തിന് പതിറ്റാണ്ടുകൾ പഴക്കമുള്ളപ്പോഴാണ് ഇവിടൊരു പാലം ആർക്കും വേണ്ടാതെ നശിക്കുന്നത്. ഇലക്ട്രിക് പോസ്റ്റും തെങ്ങിൻ തടികളുമിട്ടാണ് ഈ ഭാഗങ്ങളിൽ താത്കാലിക പാലങ്ങൾ നിർമ്മിച്ചിരിക്കുന്നത്. ചരക്കുലോറികൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ കടന്നു പോകുന്നത് കൊത്തുവാൽച്ചാവടി പാലത്തിലൂടെയാണ്. യാത്രക്കാർ നടപ്പാലം ഉപേക്ഷിച്ചപ്പോൾ നഷ്ടപ്പെട്ടത് ജനകീയാസൂത്രണ പദ്ധതിയിലെ നഗരത്തിലെ ആദ്യ പാലമാണ്.

...........................

"

തകർന്നുകിടക്കുന്ന മുഴുവൻ നടപ്പാലങ്ങളും അടുത്ത പ്ളാൻഫണ്ടിൽ ഉൾപ്പെടുത്തും. പദ്ധതി തയ്യാറാക്കി പുനരുദ്ധാരണം നടത്തും.

സൗമ്യരാജ്, ചെയർപേഴ്സൺ,

നഗരസഭ