കായംകുളം: സഹകരണ സ്ഥാപനമായ കേരള കോപ്പറേറ്റീവ് ട്രാൻസ്പോർട്ടിന് (കെ.സി.ടി ) മുന്നിൽ തൊഴിലാളികളുടെ പട്ടിണി സമരം തുടങ്ങി.
ബസുകൾ 10 മാസമായി ഒാടാതായതോടെ തൊഴിലാളികൾ നേരിടുന്ന പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. 30 സർവീസ് ബസുകളും എട്ട് ടൂറിസ്റ്റുകളും രണ്ട് വർക്ക്ഷോപ്പുകളിലുമായി 200 ഒാളം പേരാണ് കെ.സി.ടിയിൽ ജോലി ചെയ്യുന്നത്. കഴിഞ്ഞ 10 മാസമായി ബസുകൾ കയറ്റിയിട്ടതോടെ പട്ടിണിയിലായ കുടുംബങ്ങളെ സഹായിക്കാൻ ഒരു നടപടിയും ഉണ്ടായില്ലെന്ന് തൊഴിലാളികൾ കുറ്റപ്പെടുത്തുന്നു.ലോക്ഡൗൺ ഇളവ് നൽകിയപ്പോൾ താത്കാലിക തൊഴിലാളികളെ ഉപയോഗിച്ച് രണ്ട് ബസുകൾ മാത്രമാണ് നിരത്തിലിറക്കിയത്.
പ്രതിസന്ധിയിലായ കുടുംബങ്ങൾക്ക് താത്കാലിക ആശ്വാസം എത്തിക്കുന്നതിന് പോലും ആരുമുണ്ടായില്ലെന്ന് തൊഴിലാളികൾ പറയുന്നു. സി.പി.എം നിയന്ത്രണത്തിലുള്ളതാണ് കെ.സി.ടി, സി.പി.എം നേതൃത്വവും ഇക്കാര്യത്തിൽ ഇടപെട്ടില്ലെന്നാണ് ഇവരുടെ പരാതി. വിഷയത്തിന് ഇനിയും പരിഹാരമുണ്ടായില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കുമെന്നും തൊഴിലാളികൾ പറഞ്ഞു.