പൂച്ചാക്കൽ: ശ്രീനാരായണ ഗുരു പ്രതിഷ്ഠ നടത്തിയ തളിയാപറമ്പ് പള്ളശ്ശേരി ഭൂതനാഥ നാഗയ യക്ഷി ക്ഷേത്രത്തിലെ 112-ാമത് വാർഷികം ഇന്നു നടക്കും. ഗുരുദേവൻ നടത്തിയ പ്രതിഷ്ഠകളിൽ ഏക നാഗയക്ഷി ക്ഷേത്രമാണിത്. ഈഴവ പ്രമാണിയും കുടുംബ കാരണവരുമായിരുന്ന പള്ളശേരി കൃഷ്ണനുമായുള്ള ആത്മബന്ധം കൊണ്ടാണ് ഗുരുദേവൻ കുടുംബക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്താൻ എത്തിയതെന്ന് പറയപ്പെടുന്നു. യക്ഷിയമ്മ, ഗണപതി, ശിവപാർവ്വതി, സുബ്രഹ്മണ്യൻ, ഗന്ധർവൻ, ബ്രഹ്മരക്ഷസ്, സർപ്പദേവതകൾക്കും ഇവിടെ കോവിലുകളുണ്ട്. ഇന്ന് രാവിലെ മുതൽ വിശേഷാൽ പൂജകളും അഭിഷേകങ്ങളും നടക്കും. ഇളനീർ അഭിഷേകമാണ് പ്രധാനം. കൊവിഡ് നിയന്ത്രണങ്ങൾക്കനുസരിച്ചാണ് ചടങ്ങുകൾ . മേൽശാന്തി ഷാജി സഹദേവൻ വൈദിക ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും. ബാഹുലേയൻ തോടുവേലി, രതീഷ് സ്നേഹശേരി, അനിൽകുമാർ വെളിയിൽ, ഷാജി തോടുവേലി, ദീപു ദേശത്ത് എന്നിവർ നേതൃത്വം നൽകും.