ആലപ്പുഴ: മോബൈൽഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ആലപ്പുഴ നോർത്ത് പൊലീസ് വാഹന മോഷ്ടാവിനെ അറസ്റ്റ് ചെയ്തു. ആലപ്പുഴ മാളികമുക്ക് കൊച്ചിങ്ങാംപറമ്പ് വീട്ടിൽ
സുനീറിനെ (34) നോർത്ത് സി.ഐ കെ.പി.വിനോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. സംഘത്തിലെ മറ്റുള്ളവർക്കായി അന്വേഷണം ഊർജിതമാക്കി.
ചേർത്തല സൗത്ത് നാശേരിപറമ്പിൽ അരുണിന്റെ ഉടമസ്ഥതയിലുള്ള മിനിലോറി കഴിഞ്ഞ 27ന് രാത്രിയിൽ തുമ്പോളി തിയ്യശ്ശേരി പാലത്തിന് പടിഞ്ഞാറുള്ള വർക്ക്സൈറ്റിൽ നിന്നു മോഷണം പോയിരുന്നു. തുടർന്ന് പൊലീസ് മോഷണ സമയവും ടെലിഫോൺ കോളുകളും പരിശോധിച്ചു. സംശയം തോന്നിയ പൊലീസ് സുനീറിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. സുനീറിനെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോൾ വാഹനം മോഷ്ടിച്ചതായി സമ്മതിച്ചു. ആലപ്പുഴ തുമ്പോളി തീർത്ഥശ്ശേരി പാലത്തിനു പടിഞ്ഞാറു വശത്തു നിന്നാണ് മിനി ലോറി മോഷ്ടിച്ചത്. തുടർന്ന് സുഹൃത്ത് മഹിയുമായി ചേർന്ന് വില്പന നടത്താൻ ഇടുക്കി, പാലക്കാട്, കമ്പം വഴി മൂന്നാറിനു സമീപം എത്തി. വില്പന നടക്കാതിരുന്നതിനാൽ മൂന്നാറിനു സമീപം വാഹനം സൂക്ഷിച്ചു. ഇവിടെനിന്ന് ലോറി പൊലീസ് കണ്ടെടുത്തു.