ചേർത്തല: അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിലെ മകരം പെരുന്നാളിന് 10ന് കൊടിയേറും.വൈകിട്ട് ഏഴിന് കൊച്ചി രൂപത മെത്രാൻ ജോസഫ് കരിയിലിന്റെ മുഖ്യകാർമ്മികത്വത്തിലാണ് കൊടിയേറ്റ്. 20നാണ് പ്രധാന തിരുനാൾ. 27ന് എട്ടാമിടം. പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആൾക്കൂട്ടം ഒഴിവാക്കിയാണ് പെരുന്നാൾ നടത്തുന്നതെന്ന് റെക്ടർ സ്റ്റീഫൻ ജെ.പുന്നയ്ക്കൽ,ഫാ.ജോർജ്ജ് ബിബിലൻ ആറാട്ടുകുളം,ഫാ.അലക്‌സാണ്ടർ കൊച്ചീക്കാരൻ, ട്രസ്റ്റിമാരായ ബെന്നി പഴമ്പാശ്ശേരിൽ, മാർട്ടിൻ ജയിംസ് പള്ളിക്കത്തയ്യിൽ,പബ്ലിസിറ്റി കൺവീനർ സാബു ജോൺ തയ്യിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
11ന് മിഷിനറിദിനം,14ന് മതസൗഹാർദ്ദദിനം,15ന് മത്സ്യത്തൊഴിലാളിദിനം,16ന് തൊഴിലാളിദിനം,17ന് വനിതാദിനം,18ന് തിരുസ്വരൂപ നടതുറക്കൽ,19ന് വിശുദ്ധ ചാവറ കുര്യാക്കോസ് എലിയാസ് അനുസ്മരണ ദിനം എന്നിവ ആചരിക്കും. 20ന് തിരുനാൾ ദിനത്തിൽ മൂന്നിനു നടക്കുന്ന പൊന്തിഫിക്കൽ ദിവ്യബലയിൽ ആലപ്പുഴ രൂപത മെത്രാൻ ഡോ.ജയിംസ് ആനാപറമ്പിൽ മുഖ്യകാർമ്മികനാകും.27ന് എട്ടാമിടത്തോടെയാണ് പെരുന്നാൾ സമാപിക്കുന്നത്
വിശ്വാസികൾക്ക് കുർബാന കൂടുന്നതിന് ആറടി അകലത്തിൽ ഇരിപ്പിടങ്ങളും പള്ളി പരിസരത്ത് ബാരിക്കേഡുകൾ കെട്ടി നിയന്ത്റണവും ഏർപ്പെടുത്തും. വെർച്വൽ ക്യൂ വഴി ബുക്കു ചെയ്യുന്നവർക്കു മാത്രമായിരിക്കും കുർബാനയിൽ പ്രവേശനം.100 പേരെ മാത്രം ഉൾക്കൊളളിച്ചു പരമാവധി നിയന്ത്റണങ്ങൾ പാലിച്ച് ചടങ്ങുകളും കുർബാനയും നടത്തും. ഇടവകക്കാർ പളളിയിൽ എത്താതെ വീട്ടിലിരുന്ന് തന്നെ പെരുനാളിൽ പങ്കെടുക്കാൻ ആവശ്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും ചടങ്ങുകൾ ഓൺലൈനിൽ വിശ്വാസികൾക്ക് കാണാനുളള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.
കുർബാനകൾക്ക് പാസ്
തിരുനാൾ ദിനങ്ങളിൽ രാവിലെ 5.30നും 7നും രാത്രി 8നുമുള്ള കുർബാനകൾക്ക് പാസ് മുഖേന ഇടവക അംഗങ്ങൾക്ക് മാത്രമായിരിക്കും പ്രവേശനം. പ്രധാന തിരുനാൾ ദിനത്തിൽ നടക്കുന്ന വിശുദ്ധന്റെ പ്രദക്ഷിണം പൂർണമായും ഒഴിവാക്കിയിട്ടുയ്. 10നും 65നുമിടയിൽ പ്രായമുള്ളവർക്ക് മാത്രമാണ് പ്രവേശനം. ഗർഭിണികൾക്ക് പ്രവേശനമില്ല. 10 മുതൽ 27 വരെ അർത്തുങ്കൽ, മാരാരി,അന്ധകാരനഴി ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു. പെരുന്നാളുമായി ബന്ധപ്പെട്ട കർമ്മങ്ങളും കുർബാനകളും രണ്ട് മണിക്കൂർ ഇടവിട്ട് നടത്തും. പെരുനാളിനോടനുബന്ധിച്ച് താത്കാലിക ഷെഡുകളിലുള്ള കച്ചവടവും വഴിയോര കച്ചവടവും പൂർണ്ണമായും നിരോധിച്ചു.കെ.എസ്.ആർ.ടി.സി പ്രത്യേക ബസ് സർവീസ് ഉണ്ടാകില്ല.