s

അണുനശീകരണം നടത്തി

ആലപ്പുഴ: കുട്ടനാട്ടിൽ പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളിലെ പക്ഷികളെ കൊന്ന് നശിപ്പിക്കുന്ന നടപടികൾ പൂർത്തികരിച്ച് അണുനശീകരണം നടത്തി. തകഴി, നെടുമുടി, കരുവാറ്റ, പള്ളിപ്പാട് പഞ്ചായത്തുകളിലായി കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് 49,958 താറാവുകളെയും കോഴികളെയുമാണ് കള്ളിംഗിലൂടെ കൂട്ടക്കൊല ചെയ്തത്. ഇതിൽ 620കോഴികളാണ്. ഇന്നലെ കരുവാറ്റ, പള്ളിപ്പാട് പ്രദേശങ്ങൾ അണുമുക്തമാക്കിയതോടെ രോഗവ്യാപനം തടയുന്നതിനായുള്ള പ്രതിരോധ പ്രവർത്തനത്തിന്റെ ആദ്യഘട്ടം പൂർത്തികരിച്ചു. മറ്റ് പ്രദേശങ്ങളിൽ കള്ളിംഗിന്റെ രണ്ടാം ദിവസം തന്നെ അണുനശീകരണം നടത്തിയിരുന്നു. പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളുടെ മൂന്നു കിലോമീറ്റർ ചുറ്റളവിൽ നടക്കുന്ന ആരോഗ്യ വകുപ്പിന്റെ നിരീക്ഷണ പ്രവർത്തനങ്ങളും 10 ദിവസത്തേക്ക് മൃഗ സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന നിരീക്ഷണ പ്രവർത്തനങ്ങളും തുടരുകയാണ്. 32,550മുട്ടകളും കള്ളിംഗിന്റെ ഭാഗമായി നശിപ്പിച്ചു.

രണ്ടാം കേന്ദ്രസംഘം ഇന്നെത്തും

പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും ആരോഗ്യ വകുപ്പിന്റെ കൊവിഡ് പ്രതിരോധ നടപടികൾ വിലയിരുത്തുന്നതിനും രണ്ടംഗ കേന്ദ്രസംഘം ഇന്ന് ജില്ലയിൽ സന്ദർശനം നടത്തും. കോട്ടയം നീണ്ടൂരിലെ പക്ഷപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങൾ സന്ദർശനത്തിനു ശേഷമാണ് രാവിലെ കേന്ദ്രസംഘം ആലപ്പുഴയിൽ എത്തുന്നത്.
കേന്ദ്ര ഭക്ഷ്യസംസ്‌കരണ വ്യവസായ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി മിൻഹാജ് ആലം, ന്യൂഡൽഹിയിലെ നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ഡയറക്ടർ ഡോ. എസ്.കെ.സിംഗ് എന്നിവരാണ് സംഘത്തിലുള്ളത്. ജില്ലാ കളക്ടറുമായി ഇവർ കൂടിക്കാഴ്ച നടത്തും. തുടർന്ന് രോഗം സ്ഥിരീകരിച്ച സ്ഥലങ്ങൾ സന്ദർശിക്കും.

പക്ഷിപ്പനിയുടെ വ്യാപനം,വൈറസിന്റെ സ്വഭാവം, കേന്ദ്ര മാനദണ്ഡപ്രകാരം പക്ഷികളെ കൊന്ന് നശിപ്പിക്കൽ എന്നിവ സംബന്ധിച്ച് പഠിക്കാനും റിപ്പോർട്ട് നൽകാനുമായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിലെ ആരോഗ്യ വിദഗ്ധ ഡോ. രുചി ജയിനിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം കഴിഞ്ഞ ദിവസം ജില്ലയിൽ സന്ദർശനം നടത്തിയിരുന്നു.