s

ആലപ്പുഴ:അനീതിക്കും നിയമനിഷേധത്തിനുമെതിരെ പരിധിയില്ലാതെ പ്രതിഷേധിച്ച് കേരളത്തിന്റെ ശ്രദ്ധ ആകർഷിച്ചിട്ടുള്ള മാവേലിക്കര സുദർശനൻ വീണ്ടും പ്രതീകാത്മക പ്രതിഷേധവുമായി രംഗത്ത്.ഡൽഹിയിലെ കൊടും തണുപ്പിൽ സന്ധിയില്ലാതെ കഷ്ടപ്പെട്ട് സമരം ചെയ്യുന്ന കർഷകരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആലപ്പുഴ പ്രസ്ക്ളബ്ബിനു മുന്നിലായിരുന്നു സുദർശന്റെ സമരം.

പാളത്താറുടുത്ത്, ശരീരമാസകലം ചെളിപൂശി, തലയിൽ പാളത്തൊപ്പിയും ധരിച്ച്, തോളിൽ മൺവെട്ടിയും കൈയിൽ ബക്കറ്റുമായാണ് സുദർശൻ ജനശ്രദ്ധ ആകർഷിച്ചത്. പറയാനുള്ളതെല്ലാം കൈയിൽ കരുതിയ പ്ളക്കാർഡിൽ വ്യക്തമായി രേഖപ്പെടുത്തിയിരുന്നു.

മിമിക്രി കലാകാരന്മാരോടുള്ള അവഗണനയ്ക്കെതിരെ തലസ്ഥാന നഗരിയിൽ തലകുത്തി നിന്ന് ഒറ്റയാൾ പ്രതിഷേധത്തിന്റെ പുതിയ മുഖം തുറന്ന സുദർശൻ നാല് പതിറ്റാണ്ടായി സമൂഹത്തിന്റെ ദുരിതങ്ങൾ അധികാരകേന്ദ്രങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ ബദ്ധശ്രദ്ധനായി നിൽക്കുന്നു.