ചെങ്ങന്നൂർ : പുലിയൂർ പഞ്ചായത്തിൽ പേരിശേരി മൂന്നാം വാർഡിലെ ചിറ്റാറ്റുവയലിൽ 25 വർഷങ്ങൾക്ക് ശേഷം പാടശേഖരസമിതി വിത്തുവിതച്ചു. ജനുവരി രണ്ടിന് ഞാറുനട്ട് കൃഷിപ്പണികൾക്ക് തുടക്കമായി. ജലലഭ്യത കുറയുകയും കൃഷിക്കും കർഷകർക്കും നഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തതോടു കൂടിയാണ് ഈ പാടത്ത് കൃഷിനിലച്ചത്. ചെങ്ങന്നൂരിലും പരിസര പ്രദേശങ്ങളിലും തരിശുകിടന്ന നിലങ്ങൾ കൃഷിയോഗ്യമാക്കിയ സാഹചര്യത്തിൽ തങ്ങളുടെ പാടത്തും കൃഷി ആരംഭിക്കാൻ പാടശേഖര സമിതി പ്രസിഡന്റ് വിജയകുമാറും സെക്രട്ടറി ഡൊമിനിക്, മനോഹരൻ, മുതിർന്ന കർഷകൻ രാജൻ മാംങ്കുഴിച്ചാൽ എന്നിവർ ചേർന്ന് മുൻകൈയെടുക്കുകയും പൊതുയോഗം അംഗീകരിക്കുകയുമായിരുന്നു.
ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന്റെ പുറകുവശത്തുകൂടിയെത്തുന്ന മൂഴിക്കൽ ഇല്ലിമല തോട്ടിലെ വെള്ളം, പമ്പുസെറ്റ് മണിക്കൂറിന് 700 രൂപ നിരക്കിൽ കർഷകർ ചേർന്ന് വാടകയ്ക്ക് എടുത്താണ് പാടശേഖരത്തേക്ക് ഇപ്പോൾ വെള്ളമെത്തിക്കുന്നത്. ഇതിനായി ഏകദേശം 40 മീറ്ററോളം നീളത്തിൽ വലിയഹോസ് വാങ്ങി. തുടർച്ചയായി മഴ ലഭിക്കാതെ വന്നാൽ തുടർന്നും മോട്ടർ വാടകയ്ക്ക് എടുത്ത് ഉപയോഗിക്കേണ്ടതായി വരും. കടമെടുത്താണ് കർഷകർ കൃഷി ഇറക്കിയിരിക്കുന്നത്. മുമ്പും ഇവിടെ കൃഷിക്കാവശ്യമായ ജലം എത്തിക്കുന്നതിനുള്ള ബുദ്ധിമുട്ടും സാമ്പത്തിക പരാധീനതയുമാണ് കൃഷിയിറക്കുന്നതിൽ നിന്ന് കർഷകരെ പിൻതിരിപ്പിച്ചത്. ചെങ്ങന്നൂരിലെ കൃഷിഓഫീസറായ മഞ്ജുഷയുടെ നിർദ്ദേശമനുസരിച്ചാണ് പ്രവർത്തനങ്ങൾ. രണ്ട് ഹെക്ടർ സ്ഥലത്താണ് ചിറ്റാറ്റുവയൽ പാടശേഖര സമിതി കൃഷി ആരംഭിച്ചത്.
പഞ്ചായത്തിന്റെയും സർക്കാരിന്റെയും സഹായങ്ങൾ ജലമെത്തിക്കുന്നതിനും മറ്റും ലഭിച്ചെങ്കിൽ മാത്രമേ തുടർന്നും ലാഭകരമായി കൃഷി മുൻപോട്ട് കൊണ്ടുപോകാൻ സാധിക്കൂ. സർക്കാരിന്റെയും കൃഷി വകുപ്പിന്റെയും സാമ്പത്തിക സഹായങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ.