a

മാവേലിക്കര: വാടകവീട്ടിൽ നിന്ന് 29 കിലോ കഞ്ചാവ് കണ്ടെത്തിയ കേസിൽ കായംകുളം ചേരാവള്ളി തയ്യിൽ തെക്കേതിൽ നിമ്മിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. സി.ഐ ബി.വിനോദ് കുമാർ, എസ്.ഐ ജി.രാജീവ്, സീനിയർ വനിത സിവിൽ പൊലീസ് ഓഫീസർ ആർ.രേണുക, വനിത സിവിൽ പൊലീസ് ഓഫീസർ എൽ.ബിന്ദു എന്നിവരുടെ നേതൃത്വത്തിലാണ് തഴക്കരയിലെ വാടക വീട്ടിൽ തെളിവെടുപ്പിന് എത്തിയത്.

കേസിലെ മുഖ്യ പ്രതി പോനകം എബനേസർ പുത്തൻവീട്ടിൽ ലിജു ഉമ്മൻ (40) എത്തിച്ച കഞ്ചാവ് സൂക്ഷിച്ചിരുന്ന വീട്ടിലെ സ്ഥലങ്ങൾ നിമ്മി കാട്ടിക്കൊടുത്തു. ജയിലിൽ ഉപയോഗിക്കുന്നതിന് നിമ്മിക്ക് ആവശ്യമായ വസ്ത്രങ്ങളും മാസ്കും വാടക വീട്ടിൽ നിന്നെടുക്കാൻ പൊലിസ് അനുമതി നൽകി. നിമ്മിയുടെ ഫോണിൽ നിന്നു ശേഖരിച്ച നമ്പരുകൾ ആരുടേതാണെന്ന് ഉറപ്പാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പല നമ്പരുകളും നിമ്മിക്ക് തിരിച്ചറിയാൻ സാധിച്ചിട്ടില്ല. നിമ്മിയുടെ ഫോൺ ലിജു ഉമ്മനാണ് ഉപയോഗിച്ചതെന്ന് പൊലീസ് കരുതുന്നു. നിമ്മിയെ ഇന്ന് തിരികെ കോടതിയിൽ ഹാജരാക്കും.