റേഷൻ കാർഡുകൾ സ്മാർട്ട് കാർഡുകളാവുന്നു
ആലപ്പുഴ: ബുക്ക് രൂപത്തിലുള്ള കാർഡു മാത്രം കണ്ടുശീലിച്ച റേഷൻ ഉപഭോക്താക്കൾക്ക് എ.ടി.എം കാർഡ് മാതൃകയിലെ റേഷൻ കാർഡെത്താൻ അധികം കാത്തിരിക്കേണ്ടിവരില്ല. മുഖം മാറിയ റേഷൻ കടകൾക്കൊപ്പം കാർഡുകളും മാറുന്നതോടെ ഇനി റേഷൻ കടകൾ പൂർണമായും 'ന്യൂജെൻ' ശ്രേണിയിലാവും.
ഈ വർഷം പകുതിയോടെ പുതിയ കാർഡുകൾ അരങ്ങിലെത്തും. പഴയ കാർഡുകാർക്ക് അതൊഴിവാക്കി സ്മാർട്ട് കാർഡിലേക്കെത്താം. ആധാർ കാർഡിലേതു പോലെ മുഴുവൻ വിവരങ്ങളും പുതിയ കാർഡിലുണ്ടാവും. 22 പേജുള്ള പരമ്പരാഗത റേഷൻ കാർഡാണ് ഇതോടെ പഴങ്കഥയാകുന്നത്. നിലവിൽ ഉപയോഗിക്കുന്ന ഇ പോസ് മെഷീനിൽ കാർഡ് സ്വൈപ് ചെയ്യാനുള്ള ക്രമീകരണം ഉണ്ട്. പുതിയ കാർഡിന്റെ വരവോടെ റേഷൻ കാർഡിൽ പേനയുടെ ഉപയോഗം ഇല്ലാതാകും. റേഷൻ വ്യാപാരികൾക്കും ജോലി കുറയും. സമയവും ലാഭിക്കാം. എന്നാൽ നെറ്റ് വർക്ക് തകരാറാണെങ്കിൽ ആ ദിവസത്തെ കച്ചവടം തകിടം മറിയും.
ഓൺലൈനിൽ ലഭിക്കുന്ന അപേക്ഷകൾ താലൂക്ക് സപ്ലൈ ഓഫീസിൽ പരിശോധിച്ചശേഷം അപേക്ഷകൻ കാർഡിന് അർഹനാണെങ്കിൽ പ്രിന്റ് എടുക്കാം. ഇതിന്, അപേക്ഷയിൽ നൽകിയ മൊബൈൽ നമ്പറിൽ കാർഡ് പ്രിന്റ് ചെയ്യുന്നതിനുള്ള സന്ദേശം ലഭിക്കും. ആധാർ അടക്കം പരിശോധിച്ചതിന് പിന്നാലെ അപേക്ഷകന് ഒ.ടി.പി നമ്പർ ലഭിക്കും. ഇതിനുശേഷം മാത്രമേ പ്രിന്റ് എടുക്കാനാവൂ.
ഇ-റേഷൻ കാർഡ് സംവിധാനത്തിന്റെ ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കി. അപേക്ഷകന്റെ മൊബൈൽ ഫോണിലും ഇ മെയിലിലും ലഭിക്കുന്ന ലിങ്കുവഴി കാർഡ് ഡൗൺലോഡ് ചെയ്ത് പ്രിന്റെടുക്കാമെന്നതാണു പ്രത്യേകത. സുരക്ഷാ ഓഡിറ്റുകൂടി പൂർത്തിയാക്കിയാൽ സംവിധാനം തിരുവനന്തപുരം ജില്ലയിൽ ആദ്യം നിലവിൽ വരുമെന്ന് സിവിൽ സപ്ലൈസ് ഐ ടി വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു. തുടർന്ന് ആലപ്പുഴയിലും കാർഡ് എത്തും. രണ്ട് പുറത്തും വിവരങ്ങളടങ്ങിയ ഒറ്റ കാർഡായി ഇനി റേഷൻ കാർഡ് ലഭിക്കും. അക്ഷയ കേന്ദ്രങ്ങളിൽ അപേക്ഷ നൽകിയാൽ കാർഡ് പ്രിന്റ് ചെയ്ത് കൈയിലെത്തും.
രണ്ടു ഭാഷകൾ
കാർഡിൽ ഇംഗ്ലീഷ്, മലയാളം ഭാഷകളുണ്ടാവും. അന്ത്യോദയ, മുൻഗണന, പൊതുവിഭാഗങ്ങളിലായി നാല് നിറങ്ങളിൽ 22 പേജുകളിൽ പുസ്തക രൂപത്തിലാണ് ഇപ്പോൾ റേഷൻ കാർഡ്. ഭാവിയിൽ, ചിപ്പ് ഘടിപ്പിച്ച് സ്മാർട്ട് കാർഡാക്കി മാറ്റാനും ആലോചനയുണ്ട്. നിലവിൽ കൂടുതൽ അപേക്ഷകരുള്ള ചില സപ്ലൈ ഓഫീസുകളിൽ കാർഡ് നൽകാൻ രണ്ട് മുതൽ 15 ദിവസം വരെ സമയമെടുക്കുന്നുണ്ട്. ഇ കാർഡ് വരുന്നതോടെ ഇതിനൊക്കെ പരിഹാരമാവും. നാഷണൽ ഇൻഫൊർമാറ്റിക്സ് സെന്ററാണ് പദ്ധതി നടപ്പാക്കുന്നത്.
............
കേന്ദ്ര സർക്കാരിന്റെ പുതിയ പരിഷ്കാരത്തെ സ്വാഗതം ചെയ്യുന്നു. റേഷൻ വ്യാപാരികളെ സംരക്ഷിക്കാനുള്ള നടപടികൾ കൂടി സ്വീകരിക്കണം
(എൻ.ഷിജീർ,കേരള സ്റ്റേറ്റ് റേഷൻ ഡീലേ്സ് സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി)