വില കൂടിയ അർബുദ മരുന്ന് കാരുണ്യ പദ്ധതിയിലില്ല
ആലപ്പുഴ: കരൾ അർബുദ രോഗികൾക്കുള്ള 'പസോപാനിബ് ടാബ്ലറ്റ്' കാരുണ്യ സുരക്ഷാ പദ്ധതി പ്രകാരമുള്ള മരുന്നുകളുടെ ലിസ്റ്റിൽപ്പെടുത്താത്തതിനാൽ രോഗികൾ ബുദ്ധിമുട്ടുന്നു. 400 എം.ജി ഗുളികയുടെ ഒരു ബോട്ടിലിന് 13,500 രൂപയാണ് വില. പല രോഗികൾക്കും ബദൽ മരുന്ന് ഫലപ്രദമാവാത്തതിനാൽ ഈ മരുന്ന് വാങ്ങാൻ ഡോക്ടർമാർ നിർദ്ദേശിക്കുന്നു. 30 ഗുളികയാണ് ഒരു ബോട്ടിലിൽ . സാധാരണഗതിയിൽ ദിവസം രണ്ടു നേരം ഓരോ ഗുളിക വീതം ഒരു ബോട്ടിൽ 15 ദിവസത്തേക്കേ തികയൂ.
ഓരോ രോഗത്തിനും കോഡ് നിശ്ചയിച്ച്, ആ കോഡ് കുറിപ്പടിയിൽ ഡോക്ടർ രേഖപ്പെടുത്തിയാണ് ഫാർമസിയിലേക്ക് അയയ്ക്കുന്നത്. പസോപാനിബ് ടാബ്ലറ്റ് കാരുണ്യ പദ്ധതിയുടെ ലിസ്റ്റിലില്ലാത്തതിനാൽ പകരം മറ്റ് രോഗങ്ങളുടെ കോഡുകൾ ഉപയോഗിച്ച് ആശുപത്രികൾ മരുന്ന് നൽകിയിരുന്നു. ഇവയുടെ ബില്ല് പിന്നീട് ആശുപത്രികൾക്ക് അധിക ബാദ്ധ്യതയായതോടെയാണ് കോഡ് മാറ്റം അവസാനിപ്പിച്ചത്. കാരുണ്യ പദ്ധതി പ്രകാരം ബില്ല് പാസാകാതെ വരുമ്പോൾ ആശുപത്രിയിലെ വകുപ്പ് മേലധികാരികളുടെ ശമ്പള അക്കൗണ്ടിൽ നിന്നാണ് മരുന്നിന്റെ തുക പിടിക്കുന്നത്. പസോപാനിബ് പോലെ വളരെ അത്യാവശ്യമുള്ള മരുന്നുകൾ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ആലപ്പുഴ മെഡി. ആശുപത്രി അധികൃതർ നിരവധി തവണ അപേക്ഷ സമർപ്പിച്ചിട്ടും ഫലമുണ്ടായില്ല.
കോഡ് അനിവാര്യം
ഓരോ രോഗത്തിനും നിശ്ചിത കോഡ് പ്രകാരം കാരുണ്യ പദ്ധതിയിൽ വിതരണം ചെയ്യാവുന്ന മരുന്നുകളുടെ വിലയ്ക്ക് പരിധിയുമുണ്ട്. അതിന് പുറത്തുള്ള മരുന്ന് വിതരണം ചെയ്താൽ ബില്ല് പാസാവില്ല. ഒരു വർഷം 5 ലക്ഷം രൂപയുടെ ചികിത്സാ സഹായം കാരുണ്യ പദ്ധതി വഴി ലഭിക്കും.
'വിവിധ സാമൂഹിക സംഘടനകൾ സഹായം നൽകിയാണ് കഴിഞ്ഞ മൂന്ന് മാസമായി മരുന്ന് വാങ്ങുന്നത്. രണ്ട് ബോട്ടിൽ മരുന്നാണ് ഡോക്ടർ കുറിച്ച് നൽകിയത്. ഇതിന് വിപണിയിൽ 27,000 രൂപയാകും. അടുത്ത ഒരാഴ്ചയ്ക്കുള്ള മരുന്നേ കൈയിലുള്ളു'.
-ബാബു, അർബുദ രോഗി,
മുല്ലാത്ത് വളപ്പ്, ആലപ്പുഴ