ജില്ലയിൽ നാല് ആശുപത്രികളിൽ ഇന്നലെ ഡ്രൈ റൺ നടത്തി
ആലപ്പുഴ: കൊവിഡ് പ്രതിരോധ കുത്തിവയ്പ് നൽകുന്നതിന്റെ മുന്നോടിയായി ജില്ലയിൽ തിരഞ്ഞെടുക്കപ്പെട്ട നാല് ആശുപത്രികളിൽ നടത്തിയ ഡ്രൈ റൺ വിജയകരമായി പൂർത്തിയാക്കി. ആലപ്പുഴ ജനറൽ ആശുപത്രി, ചെട്ടികാട് ആർ.എച്ച്.ടി.സി, പുറക്കാട് പ്രാഥമികാരോഗ്യകേന്ദ്രം, ചേർത്തല സേക്രട്ട് ഹാർട്ട് ജനറൽ ആശുപത്രി എന്നിവടങ്ങളിലാണ് ഡ്രൈ റൺ നടത്തിയത്.
വാക്‌സിൻ വിതരണത്തിനുളള മുന്നൊരുക്കങ്ങൾ പ്രായോഗിക തലത്തിൽ പരിശോധിച്ച് ഉറപ്പു വരുത്തുന്നതിനാണ് ഡ്രൈ റൺ സംഘടിപ്പിച്ചത്. ജനറൽ ആശുപത്രിയിലെ ഡ്രൈ റൺ പ്രവർത്തനങ്ങൾക്ക് കളക്ടർ നേതൃത്വം നൽകി. ആശുപത്രിയിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് റസീന വാക്സിൻ സ്വീകരിക്കുന്നതിനായി ആശുപത്രിയിൽ പ്രത്യേകം സജ്ജീകരിച്ച സ്ഥലത്തെത്തി. ആദ്യം രജിസ്റ്റർ ചെയ്ത സമയത്ത് സമർപ്പിച്ച തിരിച്ചറിയൽ രേഖ കൗണ്ടറിൽ പരിശോധിച്ച് ഉറപ്പുവരുത്തി. തുടർന്ന് കാത്തിരിപ്പു മുറിയിൽ സാമൂഹിക അകലം പാലിച്ച് ഇരുത്തി. വക്‌സിനേഷൻ റൂമിലെത്തി ഡ്യൂട്ടിനഴ്‌സിന്റെ നിർദ്ദേശങ്ങൾ കേട്ടതിനു ശേഷം വാക്സിൻ സ്വീകരിച്ചു. പിന്നെ നിരീക്ഷണ മുറിയിലെത്തി അര മണിക്കൂർ ചെലവിട്ടു. ഈസമയം കളക്ടർ എ.അലക്സാണ്ടർ നിരീക്ഷണ മുറിയിൽ എത്തി റസീനയോട് വിവരങ്ങൾ ആരാഞ്ഞു. ഇതോടൊപ്പം ആശുപത്രിയിലെ മറ്റു ആരോഗ്യ പ്രവർത്തകർ എത്തി വാക്സിനുകൾ സ്വീകരിച്ചു.
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ വാക്‌സിൻ ഡ്രൈ റണ്ണിൽ ജില്ലയിലെ 100 ആരോഗ്യപ്രവർത്തകർ പങ്കെടുത്തു. ഇതുവരെ ജില്ലയിൽ 18291 ആരോഗ്യ പ്രവർത്തകരാണ് വാക്‌സിനായി രജിസ്റ്റർ ചെയ്തത്. 501 സെന്ററുകളിലാണ് ജില്ലയിൽ വാക്‌സിനേഷൻ സജ്ജീകരിക്കുകയെന്ന് കളക്ടർ പറഞ്ഞു. ജില്ല മെഡിക്കൽ ഓഫീസർ ഡോ.എൽ. അനിതാകുമാരി, ജില്ലാ മാസ് മീഡിയ ഓഫീസർ സുജ പി.എസ്, ആലപ്പുഴ മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രിൻസിപ്പൽ ഡോ. സൈറു ഫിലിപ്പ് എന്നിവരും പങ്കെടുത്തു.
100 : ഡ്രൈ റണ്ണിൽ പങ്കെടുത്ത ആരോഗ്യ പ്രവർത്തകർ
18291: ജില്ലയിൽ ഇതുവരെ വാക്സിനേഷനായി രജിസ്റ്റർ ചെയ്തവർ
501 : വാക്സിനേഷനായി സജ്ജീകരിക്കുന്ന സെന്ററുകൾ
ഡ്രൈ റൺ ഇങ്ങനെ
വാക്‌സിൻ വിതരണത്തിനായി തയ്യാറാക്കിയ പ്രത്യേക പോർട്ടലിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്തവരിൽ നിന്നും 25 പേരെ വീതം തിരഞ്ഞെടുത്താണ് ഡ്രൈ റൺ നടത്തിയത്. തിരഞ്ഞെടുത്തവരുടെ മൊബൈൽ ഫോണിൽ ലഭ്യമാകുന്ന വിവരങ്ങൾ ആദ്യം പരിശോധിക്കും. തുടർന്ന് രജിസ്റ്റർ ചെയ്ത സമയത്ത് സമർപ്പിച്ച തിരിച്ചറിയൽ രേഖ പരിശോധിച്ചതിനു ശേഷം കാത്തിരിപ്പു മുറിയിൽ സാമൂഹിക അകലം പാലിച്ച് ഇരുത്തും. തുടർന്ന് മുൻഗണനാക്രമം അനുസരിച്ച് വാക്‌സിനേഷൻ റൂമിലേക്ക് ഒരാളെ വീതം കടത്തിവിടും. വാക്‌സിൻ എടുക്കുന്നതിന്റെ ഘട്ടങ്ങൾ പൂർത്തിയാക്കിയ ശേഷം അര മണിക്കൂർ മറ്റൊരു മുറിയിൽ നിരീക്ഷണത്തിലിരുത്തും. കാത്തിരിപ്പ് മുറി, വാക്‌സിനേഷൻ മുറി, നിരീക്ഷണത്തിലിരിക്കാനുളള മുറി എന്നിങ്ങനെ മൂന്നു മുറികളാണ് വാക്‌സിനേഷൻ കേന്ദ്രത്തിലുണ്ടാവുക. ആദ്യ ഘട്ടത്തിൽ സർക്കാർ,സ്വകാര്യ മേഖലയിലെ ആരോഗ്യ പ്രവർത്തകർ, മെഡിക്കൽ വിദ്യാർത്ഥികൾ, ആശാ പ്രവർത്തകർ, ഐ.സി.ഡി.എസ് അങ്കണവാടി ജീവനക്കാർ എന്നിവർക്കാണ് വാക്‌സിൻ ലഭ്യമാക്കുക.