പലിശയടക്കം അടയ്ക്കണമെന്ന് ബാങ്കുകളുടെ നോട്ടീസ്
ആലപ്പുഴ: വിദ്യാഭ്യാസ വായ്പ തിരിച്ചടവ് സഹായ പദ്ധതി പ്രകാരം ആനുകൂല്യത്തിന് അർഹതയുള്ളവരുടെ സർക്കാർ വിഹിതം ബാങ്കുകളിൽ എത്തിയിട്ടില്ലാത്തതിനാൽ പലിശയടക്കം തിരിച്ചടയ്ക്കണമെന്ന നോട്ടീസ് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് ലഭിച്ചു തുടങ്ങിയതോടെ പദ്ധതിയുടെ ആശ്വാസം ആശങ്കയിലേക്ക്. 9 ലക്ഷം രൂപയ്ക്ക് താഴെ വിദ്യാഭ്യാസ വായ്പ എടുത്ത, പ്രതിവർഷം ആറു ലക്ഷം രൂപയിൽ താഴെ വരുമാനമുള്ള കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്കാണ് സഹായ പദ്ധതി പ്രഖ്യാപിച്ചിരുന്നത്.
എഡ്യുക്കേഷൻ ലോൺ റീപേയ്മെന്റ് സപ്പോർട്ട് സ്കീം പ്രകാരം സർക്കാർ നൽകേണ്ട തുക കഴിഞ്ഞ രണ്ട് വർഷമായി ബാങ്കുകളിൽ അടയ്ക്കാത്തതിനെ തുടർന്നാണ് നോട്ടീസുകൾ അയച്ചു തുടങ്ങിയത്. 2016- 17 ബഡ്ജറ്റ് പ്രസംഗത്തിലാണ് വിദ്യാഭ്യാസ വായ്പ സഹായപദ്ധതി സർക്കാർ പ്രഖ്യാപിക്കുന്നത്. ബാങ്കുകൾ സംസ്ഥാനതല ബാങ്കേഴ്സ് സമിതി വഴി സർക്കാരിൽ സമർപ്പിക്കുന്ന ക്ലെയിം തുകകളുടെ അടിസ്ഥാനത്തിലാണ് സർക്കാർ സഹായം. എന്നാൽ പദ്ധതി നടത്തിപ്പിലെ മാർഗനിർദേശങ്ങളിൽ വന്ന ആശയക്കുഴപ്പം ഒട്ടേറെ വിദ്യാർത്ഥികളെ പ്രയാസത്തിലാക്കി. പ്രൊഫഷണൽ, ടെക്നിക്കൽ കോഴ്സുകൾക്ക് ആനുകൂല്യം ബാധകമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് നഴ്സിംഗ് ഇതര പ്രൊഫഷണൽ, ടെക്നിക്കൽ കോഴ്സുകളിൽ മാനേജ്മെന്റ് ക്വാട്ടയിൽ പ്രവേശനം നേടിയവരെ ഒഴിവാക്കി. എന്നാൽ നഴ്സിംഗിൽ ഈ രണ്ട് വിഭാഗത്തിനും ആനുകൂല്യം ലഭ്യമാണ്. അപേക്ഷ നൽകിയവരോട് പരിഗണനയിലെന്നാണ് ആദ്യം ലഭിച്ച മറുപടി. എന്നാൽ ഇത് 'കമ്പ്യൂട്ടർ മറുപടി'യാണെന്നും ആനുകൂല്യം മാനേജ്മെന്റ് ക്വാട്ടയിലെ പ്രൊഫഷണൽ വിദ്യാർത്ഥികൾക്ക് ലഭിക്കില്ലെന്നും പിന്നീട് ബാങ്കേഴ്സ് സമിതി അറിയിച്ചിരുന്നു.
സഹായ പദ്ധതി
ബാങ്കുകൾ നോൺ പെർഫോമിംഗ് അസറ്റ് പട്ടികയിൽപ്പെടുത്തിയ നാലുലക്ഷം വരെയുള്ള വായ്പകളിൽ 60 ശതമാനം സർക്കാർ അടയ്ക്കും. ഇതിനായി ബാങ്കുകൾ പലിശയും പിഴപ്പലിശയും ഒഴിവാക്കണമെന്നാണ് നിബന്ധന. നാലു ലക്ഷത്തിന് മുകളിലുള്ള നോൺ പെർഫോമിംഗ് പട്ടികയിൽ ഉൾപ്പെടാത്ത വായ്പകളുടെ കാര്യത്തിൽ ആദ്യവർഷം അടയ്ക്കേണ്ട തുകയുടെ 90 ശതമാനം, രണ്ടാം വർഷം അടയ്ക്കേണ്ട തുകയുടെ 75 ശതമാനം, മൂന്നാം വർഷത്തെ 50 ശതമാനം, നാലാം വർഷത്തെ 25 ശതമാനം എന്ന കണക്കിൽ സർക്കാർ അടയ്ക്കും. നാലു ലക്ഷത്തിനു മുകളിലുള്ള നോൺ പെർഫോമിംഗ് അസറ്റ് ലിസ്റ്റിൽ ഉൾപ്പെട്ട വായ്പകളുടെ തിരിച്ചടവിനായി പ്രത്യേക പാക്കേജും പ്രഖ്യാപിച്ചിട്ടുണ്ട് വിദ്യാഭ്യാസ വായ്പ എടുത്തശേഷം മരണമടഞ്ഞ വിദ്യാർത്ഥികളുടെയും ശാരീരികവും മാനസികവുമായ വെല്ലുവിളി നേരിടുന്നവരുടെയും കാര്യത്തിൽ ബാങ്കുകൾ പലിശ എഴുതിത്തള്ളുന്ന പക്ഷം വായ്പത്തുക പൂർണമായും തിരിച്ചടയ്ക്കാനും പദ്ധതി വിഭാവനം ചെയ്യുന്നു.
വേണം ആശ്വാസ പദ്ധതി
കൊവിഡ് പ്രതിസന്ധി മൂലം ജോലി നഷ്ടപ്പെട്ടവർക്ക് തിരിച്ചടവക സാദ്ധ്യമാകാത്ത അവസ്ഥയാണ്. 2020 മാർച്ച് 31 വരെ തിരിച്ചടവ് മുടങ്ങി വായ്പ കിട്ടാക്കടമായവർക്ക് പുതിയ ആശ്വാസ പദ്ധതിയാണ് രക്ഷിതാക്കൾ ആവശ്യപ്പെടുന്നത്. 60 ശതമാനം സർക്കാരും 40 ശതമാനം ഗുണഭോക്താവും അടയ്ക്കുന്ന രീതിയാണ് വേണ്ടതെന്നും ഇവർ പറയുന്നു.
..............
ഇ.എൽ.ആർ.എസ്.എസ് സ്കീം പ്രകാരം ജില്ലയിലെ 9 നിയോജക മണ്ഡലങ്ങളിലെയും വിദ്യാഭ്യാസ വായ്പ എടുത്തവരുടെ വിഹിതം സർക്കാർ ബാങ്കുകൾക്ക് നൽകിയിട്ടില്ല. ഇത് ഉടനടി നൽകി വായ്പ എഴുതിത്തള്ളണം. കൊവിഡ് മൂലം കടക്കെണിയിലായ രക്ഷിതാക്കൾക്ക് ആശ്വാസ പദ്ധതി പ്രഖ്യാപിക്കാനും നടപടി സ്വീകരിക്കണം
അഡ്വ. രാജൻ കെ.നായർ, സംസ്ഥാന പ്രസിഡന്റ്, കേരള എഡ്യുക്കേഷൻ ലോണീസ് അസോസിയേഷൻ