കൊച്ചി: ആലപ്പുഴ ജില്ലയിലെ പെരുമ്പളം - പാണാവള്ളി പാലത്തിന്റെ നിർമ്മാണക്കരാർ ഉൗരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഒാപ്പറേറ്റീവ് സൊസൈറ്റിക്ക് നൽകിയതു ശരിവച്ച സിംഗിൾബെഞ്ചിന്റെ വിധിക്കെതിരെ ചെറിയാൻ വർക്കി കൺസ്ട്രക്ഷൻസ് കമ്പനി നൽകിയ അപ്പീലിൽ സ്റ്റേയില്ല. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻബെഞ്ച് തിങ്കളാഴ്ച അപ്പീൽ വിശദമായ വാദത്തിന് പരിഗണിക്കും.

പെരുമ്പളം - പാണാവള്ളി പാലത്തിന്റെ നിർമ്മാണത്തിന് കുറഞ്ഞ തുക ക്വോട്ടു ചെയ്തിട്ടും തങ്ങളെ ഒഴിവാക്കി ഉൗരാളുങ്കൽ സൊസൈറ്റിക്കു നൽകിയതിനെതിരെ ചെറിയാൻ വർക്കി കൺസ്ട്രക്ഷൻസ് കമ്പനി നൽകിയ ഹർജി സിംഗിൾബെഞ്ച് നേരത്തെ തള്ളിയിരുന്നു. തുടർന്നാണ് അപ്പീൽ നൽകിയത്. 90.78 കോടി എസ്റ്റിമേറ്റ് തയ്യാറാക്കി ടെണ്ടർ ക്ഷണിച്ച കരാറിൽ 95.20 കോടി രൂപയാണ് ഹർജിക്കാർ ക്വോട്ടുചെയ്തത്. എന്നാൽ 97.13 കോടി രൂപ ക്വോട്ടു ചെയ്ത ഉൗരാളുങ്കൽ ലേബർ സൊസൈറ്റിക്കാണ് കരാർ നൽകിയത്. ലേബർ കോൺട്രാക്ട് കോ ഒാപ്പറേറ്റീവ് സൊസൈറ്റിയെന്ന പരിഗണനയിലാണ് ഇവർക്ക് കരാർ നൽകിയതെന്നും ഇതു സ്വാഭാവിക നീതിയുടെ നിഷേധമാണെന്നും അപ്പീലിൽ ആരോപിക്കുന്നു.