ആലപ്പുഴ: അപ്രതീക്ഷിതമായ വേലിയേറ്റം മൂലമുള്ള മടവീഴ്ചയും കൃഷിനാശവും തടയാൻ തണ്ണീർമുക്കം ബണ്ടിലെയും, തോട്ടപ്പള്ളി സ്പിൽവേയിലെയും ഷട്ടറുകൾ തുറക്കാനും തൃക്കുന്നപ്പുഴ നാവിഗേഷൻ ലോക്ക് റെഗുലേറ്റ് ചെയ്യാനും ഇന്നലെ മന്ത്രി വി.എസ്.സുനിൽകുമാറിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ തീരുമാനിച്ചു. കളക്ടർ എ.അലക്‌സാണ്ടറിന്റെ സാന്നിദ്ധ്യത്തിൽ ഗസ്റ്റ് ഹൗസിൽ നടന്ന യോഗത്തിൽ കൃഷി, ഇറിഗേഷൻ വകുപ്പുകളുടെഉദ്യോഗസ്ഥർ പങ്കെടുത്തു. വേലിയേറ്റ സമയത്ത് ഉപ്പുവെള്ളം കയറാതെ വേലിഇറക്ക സമത്ത് വേണം തണ്ണീർമുക്കത്തെ 20ഉം തോട്ടപ്പള്ളി സ്പിൽവേയിലെ അഞ്ചും ഷട്ടറുകൾ തുറക്കാൻ. ഇതിന് പുറമേ തോട്ടപ്പള്ളി സ്പിൽവേ പൊഴിമുഖത്തെ മണൽതിട്ട മുറിച്ചു സുഗമമായ ഒഴുക്കിന് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യുവാനും മന്ത്രി ഇറിഗേഷൻ വകുപ്പിന് നിർദ്ദേശം നൽകി.