അരൂർ: 'ഒരുദിവസം കൊണ്ട് ലോകം ചുറ്റുകയാണെങ്കിൽ സൂര്യാസ്തമനം കാണേണ്ടത് കാക്കത്തുരുത്തിലായിരിക്കണം...' ഇന്നാട്ടുകാർ പറഞ്ഞതല്ല, നാഷണൽ ജിയോഗ്രഫി മാസികയിൽ വന്ന ലേഖനത്തിലെ വിശേഷണമാണ്. പക്ഷേ, വെള്ളത്തിലായ ഈ ചെറുദ്വീപിന് ഇപ്പോൾ ഇത്രത്തോളം ആകർഷണീയത ആരും പറയില്ല. രാജ്യത്തിനു പുറത്തേക്ക് പ്രശസ്തി വ്യാപിച്ചിട്ടും നിലനിറുത്താനുള്ള ശ്രമങ്ങൾ സംസ്ഥാന ടൂറിസം വകുപ്പിന്റെയോ മറ്റ് അധികൃതരുടെയോ ഭാഗത്തു നിന്നുണ്ടാവുന്നില്ല.
350 ഓളം കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന കാക്കത്തുരുത്തിൽ വേലിയേറ്റത്തിലാണ് പുറം കായലിൽ നിന്ന് വെള്ളം കയറുന്നത്. കൽക്കെട്ടുകൾ തകർന്നു കിടക്കുന്നതും ചിലയിടങ്ങളിൽ കൽക്കെട്ടില്ലാത്തതുമാണ് പ്രദേശം വെള്ളക്കെട്ടിലാകാൻ കാരണം. വീട്ടുമുറ്റം മുതൽ കടവ് വരെ നീന്തിയാണ് ചെറുവളളങ്ങളിൽ കാക്കത്തുരുത്ത് നിവാസികൾ മറുകരയിലെത്തുന്നത്. ദ്വീപിലേക്ക് ഒരു പാലമില്ലാത്തതിനാൽ വള്ളമാണ് പ്രധാന ആശ്രയം. എല്ലാ ആവശ്യങ്ങൾക്കും എരമല്ലൂർ ഫെറിയിലെത്തി ദേശീയപാത വരെ നടക്കണം. ഒട്ടുമിക്ക വീടുകളുടെയും അടുക്കളയിൽ വരെ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ ഭക്ഷണം പാചകം ചെയ്യാനാവാത്ത സ്ഥിതിയാണ്. പശു, ആട്, കോഴി എന്നിവയും വെളളക്കെട്ട് ദുരിതം പേറുന്നു.
ഓരോ തിരഞ്ഞെടുപ്പിലും വികസന വാഗ്ദാനങ്ങളുമായി എത്തുന്ന രാഷ്ട്രീയക്കാരെ പിന്നീട് കാണാറില്ലെന്ന് ദ്വീപ് നിവാസികൾ പറയുന്നു. കിഫ്ബിയിൽപ്പെടുത്തി കോടികൾ അനുവദിച്ചെങ്കിലും ദീപിലേക്കൊരു പാലമെന്നത് പേരിൽ മാത്രം. കാക്കത്തുരുത്തിന്റെ വികസനത്തിന് ദ്വീപ് നിവാസികളുടെ പൊതു വേദി രൂപീകരിക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാർ.