മാവേലിക്കര : പുതിയകാവ് സെന്റ് മേരീസ് കത്തീഡ്രലിൽ പെരുന്നാളും റാസയും വാദ്യമേളവും വെടിക്കെട്ടും ഇല്ലാതെ നടത്താൻ നഗരസഭ അധ്യക്ഷൻ കെ.വി.ശ്രീകുമാർ വിളിച്ചുചേർത്ത സർക്കാർതല അവലോകന യോഗത്തിൽ തീരുമാനമായി. കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനങ്ങൾ . ജനപങ്കാളിത്തത്തോടെയുള്ള റാസയ്ക്ക് പകരം അലങ്കരിച്ച വാഹനങ്ങളിൽ മാത്രമായി റാസ ആചാര പ്രകാരം നടത്തും. പൊലിസ് അനുമതി നൽകുന്ന നിശ്ചിത എണ്ണം വാഹനങ്ങൾ പ്രത്യേക സ്റ്റിക്കർ പതിച്ച് മാത്രമേ റാസയിൽ പങ്കെടുക്കാൻ അനുവദിക്കു.
15, 16 തീയതികളിൽ നടക്കുന്ന പെരുന്നാളിൽ 15ന് മാത്രമേ റാസ ഉണ്ടാകൂ. രണ്ടാം ദിവസത്തെ സൺഡേസ്കൂൾ, മർത്തമറിയം സമാജം റാലി ഒഴിവാക്കി. അതിനാൽ 16ന് വിശുദ്ധ കുർബാനക്ക് ശേഷം പള്ളിക്ക് പ്രദക്ഷിണം നടത്തി കൊടിയിറക്ക് നടത്തും. 15ന് വൈകിട്ട് 7ന് തഴക്കര എം.എസ് സെമിനാരിയിൽ നിന്നാരംഭിക്കുന്ന വാഹന റാസ ഒരു സ്ഥലങ്ങളിലും നിർത്തില്ല. പള്ളി പരിസരത്തും റാസ കടന്നു പോകുന്ന വഴിയുടെ ഇരുവശങ്ങളിലും വെടിക്കെട്ട് നടത്തുന്നത് കർശനമായി ഒഴിവാക്കി.
നഗരസഭ ഉപാധ്യക്ഷ ലളിത രവീന്ദ്രനാഥ്, കൗൺസിലർമാരായ സജീവ് പ്രായിക്കര, നൈനാൻ സി.കുറ്റിശേരിൽ, അനി വർഗീസ്, ബിനു വർഗീസ്, തഹസിൽദാർ എസ്.സന്തോഷ് കുമാർ, സി.ഐ ബി.വിനോദ് കുമാർ, ജോയിന്റ് ആർ.ടി.ഒ എം.ജി.മനോജ്, ഫയർ ഓഫിസർ എച്ച്.താഹ, ഹെൽത്ത് ഇൻസ്പെക്ടർ വിനോദ്, വികാരി ഫാ.എബി ഫിലിപ്, സഹവികാരി ഫാ.ജോയ്സ് വി.ജോയി, ട്രസ്റ്റി സൈമൺ വർഗീസ് കൊമ്പശേരിൽ, സെക്രട്ടറി ജി.കോശി തുണ്ടുപറമ്പിൽ, കൺവീനർ വി.പി.വർഗീസ് തുടങ്ങിയവർ സംസാരിച്ചു.