മാവേലിക്കര: സ്വതന്ത്രയായി വിജയിച്ച ഷീബ സതീഷിന് പിന്തുണ നൽകി എൽ.ഡി.എഫ് ഭരണം നേടിയ തഴക്കര പഞ്ചായത്തിൽ കോൺഗ്രസും ബി.ജെ.പിയും ഒന്നിച്ചു നിന്നതോടെ എൽ.ഡി.എഫിന് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ പദവി ഒന്നുപോലുമില്ല. ബി.ജെ.പിക്ക് ക്ഷേമകാര്യം, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റിയും ലഭിച്ചപ്പോൾ കോൺഗ്രസിന് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ പദവി ലഭിച്ചു.

ക്ഷേമകാര്യ കമ്മിറ്റിയിലേക്ക് ബി.ജെ.പിയുടെ ബീന വിശ്വവും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റിയിലേക്ക് ലതികയും 12 വോട്ട് നേടി തിരഞ്ഞെടുക്കപ്പെട്ടു. ക്ഷേമകാര്യ കമ്മിറ്റിയിലേക്ക് മത്സരിച്ച സി.പി.എം അംഗം ഷൈനിസയ്ക്കും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റിയിലേക്ക് മത്സരിച്ച സി.പി.എം അംഗം ഉഷയ്ക്കും 9 വോട്ടുകളാണ് ലഭിച്ചത്. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷയായി കോൺഗ്രസ് അംഗം വത്സലകുമാരി 12 വോട്ട് നേടി തിരഞ്ഞെടുക്കപ്പെട്ടു. സി.പി.എം അംഗം കൃഷ്ണമ്മ ഉത്തമന് 9 വോട്ടാണ് ലഭിച്ചത്.

ക്ഷേമകാര്യ, ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റിയിലേക്ക് ബി.ജെ.പിക്ക് കോൺഗ്രസ് വോട്ട് നൽകിയപ്പോൾ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ സ്ഥാനത്തേക്ക് ബി.ജെ.പി കോൺഗ്രസിന് വോട്ട് ചെയ്തു. സ്വതന്ത്രരു‌ടെ ഓരോ വോട്ടു ബി.ജെ.പിക്കും കോൺഗ്രസിനും ലഭിച്ചു. 21 അംഗങ്ങളുള്ള തഴക്കര പഞ്ചായത്തിൽ എൽ.ഡി.എഫ്- 8, ബി.ജെ.പി- 7, യു.ഡി.എഫ്- 4, സ്വതന്ത്രർ- 2 എന്നിങ്ങനെയാണ് കക്ഷിനില. ഇതിൽ ഒരു സ്വതന്ത്രയായ ഷീബാ സതീഷിനെ ഒപ്പം കൂട്ടിയാണ് എൽ.ഡി.എഫ് ഭരണം പിടിച്ചത്.