ചാരുംമൂട് : നൂറനാട് ഇടപ്പോണിൽ വിത കഴിഞ്ഞ് ഞാറു കിളിർത്ത പാടശേഖരത്ത് വെള്ളം കയറിയതോടെ കർഷകർ ദുരിതത്തിലായി. ഇടപ്പോൺ ആമ്പടവം പാടത്തെ നൂറ് ഏക്കറിൽ പകുതിയിലധികം സ്ഥലത്തെ ഞാറാണ് വെള്ളം
കയറി നശിച്ചത്. കഴിഞ്ഞ ദിവസങ്ങളിലെ മഴയും അച്ചൻകോവിലാറിൽ നിന്നും കയറിയ വെള്ളവുമാണ് രണ്ടാഴ്ച വളർച്ചയായ ഞാറ് നശിക്കാൻ കാരണമായത്.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന സുരേഷിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും പാടം സന്ദർശിച്ചിരുന്നു.
കൃഷി പുനരാരംഭിക്കുന്നതിനാവശ്യമായ വിത്തും മറ്റു സഹായങ്ങളുമുണ്ടാകണമെന്നാണ് കർഷകരുടെ ആവശ്യം. നൂറു ദിവസം വിളവുള്ള ജ്യോതി വിത്തായിരുന്നു ഇവിടെ വിതച്ചത്. എന്നാൽ കൃഷി പുനരാരംഭിക്കുന്നതിന് മൂപ്പ് കുറഞ്ഞ വിത്ത് ലഭ്യമാക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.