ചേർത്തല:സാന്ത്വനം പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ 'വിശപ്പുരഹിത ചേർത്തല' പദ്ധതി വിജയകരമായ നാലാം വർഷത്തിലേക്ക്. മൂന്ന് വർഷം തികയ്ക്കുന്ന ഇന്ന് വിജയദിനം ആചരിക്കും.സാമൂഹ്യസാംസ്‌കാരികരാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.
ചേർത്തല നഗരസഭയിലെയും തൈക്കാട്ടുശേരി ബ്ലോക്ക് പരിധിയിലെ അഞ്ച് പഞ്ചായത്തുകളിലെയും നിരാലംബരും അവശരുമായ 300 പേർക്ക് നിത്യേന ഉച്ചഭക്ഷണം സൗജന്യമായി വീട്ടിലെത്തിക്കുന്നതാണ് പദ്ധതി.
ചേർത്തല നഗരത്തിലെ സാന്ത്വനം ആസ്ഥാനത്തെ അടുക്കളയിൽ മേന്മയോടെ തയ്യാറാക്കുന്ന ഭക്ഷണം പ്രത്യേക വാഹനത്തിൽ മേഖലാ കേന്ദ്രങ്ങളിൽ എത്തിക്കും.ഇവിടെ നിന്നും സന്നദ്ധപ്രവർത്തകർ ഒരോരുത്തരുടെയും വീടുകളിൽ എത്തിക്കും.സംസ്ഥാനത്ത് തന്നെ മാതൃകയായ പദ്ധതി വിജയകരമായി തുടരാൻ സഹകരിക്കണമെന്ന് സൊസൈറ്റി പ്രസിഡന്റ് കെ.രാജപ്പൻനായരും സെക്രട്ടറി പി.എം.പ്രവീണും അഭ്യർത്ഥിച്ചു.