ചേർത്തല: തണ്ണീർമുക്കം ബണ്ടിന്റെ മൂന്നാം ഘട്ടം പൂർത്തിയായിട്ടും മണൽച്ചിറ പൊളിച്ച് നീക്കം ചെയ്യാത്തത് കായലിൽ സ്വാഭാവിക ഒഴുക്ക് നിലയ്ക്കാൻ കാരണമായെന്ന് സംയുക്ത വേമ്പനാട് കായൽ സംരക്ഷണ സമതി വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.കായലിൽ തിങ്ങിനിറഞ്ഞ പോളപ്പായൽ ഒഴുകിപ്പോകണമെങ്കിൽ ബണ്ടിന്റെ ഇരുവശങ്ങളിലുമുള്ള ഷട്ടറുകൾ തുറന്നിടണം.
കക്കാ മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുന്നതിനും തൊഴിലാളി ക്ഷേമത്തിനുമായി സംസ്ഥാന ബഡ്ജ​റ്റിൽ 40 കോടി രൂപ വകയിരുത്തണമെന്ന് ആവശ്യപ്പെട്ടു.

പോളപായൽ ശല്യത്തിനും കായൽത്തീരത്തെ വെള്ളപ്പൊക്കത്തിനും അടിയന്തിര പരിഹാരം കാണുക, കൊഞ്ചു മത്സ്യവിത്തുകൾ കായലിൽ റാഞ്ചിംഗ് നടത്തുക,മല്ലികക്കാവാരും അനധികൃത മത്സ്യബന്ധനവും തടയുക, കായലിന്റെ ജല വാഹകശേഷി വർദ്ധിപ്പിക്കാൻ എക്കലും മണലും കോരി കായൽത്തീരം ഉയർത്തുക തുടങ്ങിയ ആവശ്യങ്ങളാണ് വേമ്പനാട് കായൽ സംരക്ഷണസമിതി മുന്നോട്ട് വെച്ചത്.പ്രസിഡന്റ് വി.പി.മനോഹരൻ, സെക്രട്ടറി കെ.എം.പൂവ്,എ.വി ദിനേശൻ,രാജേന്ദ്രൻ അമ്പലക്കടവ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.