മുതുകുളം: തൊഴിലുറപ്പ് തൊഴിലാളി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം മാനസിക പീഡനം മൂലമാണെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്ത്. കണ്ടല്ലൂർ 15-ാം വാർഡിലെ തൊഴിലാളി പുതിയവിള ഭാസ്‌കര സദനത്തിൽ പ്രകാശിന്റെ ഭാര്യ സുജാതയാണ് (42) അമിതമായി ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
തൊഴിലുറപ്പ് മേറ്റ് ആണ് സുജാത. തദ്ദേശ തിരഞ്ഞെടുപ്പ് സമയം സ്ഥാനത്തു നിന്ന് നീക്കം ചെയ്തു. ഒരു സ്ഥാനാർത്ഥിയെ അനുകൂലിച്ചെന്നതാണ് കാരണം. പിന്നീട് തൊഴിലുറപ്പ് ജോലി സ്ഥലത്തും പീഡനമുണ്ടായെന്നും ജോലി സ്ഥലം മാറ്റി നൽകണമെന്ന് ആവശ്യപ്പെട്ട് അധികൃതർക്ക് പരാതി നൽകിയിരുന്നെന്നും ബന്ധുക്കൾ പറഞ്ഞു. വെളളിയാഴ്ച വൈകിട്ട് തൊഴിലുറപ്പ് സ്ഥലത്ത് അവശനിലയിൽ കണ്ട സുജാതയെ ആദ്യം കായംകുളം താലൂക്ക് ആശുപത്രിയിലാണ് എത്തിച്ചത്. പിന്നീട് ആലപ്പുഴ മെഡി. ആശുപത്രിയിലേക്കു മാറ്റിയ സുജാത തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്.