എടുക്കാത്ത കേസുകെട്ടായി അഭിഭാഷക ക്ളാർക്കുമാരുടെ ജീവിതം
ആലപ്പുഴ: കൊവിഡ് സമ്മാനിച്ച ദുരിതകാലത്തിലാണ് ജില്ലയിലെ അഭിഭാഷക ക്ളാർക്കുമാർ ഇപ്പോഴും. ദിവസം 2000 രൂപവരെ ലഭിച്ചിരുന്നവർക്ക് ഇപ്പോൾ ഉച്ചഭക്ഷണത്തിനുള്ള വക പോലും ലഭിക്കാത്ത അവസ്ഥ.
ജില്ലയിൽ എട്ട് മേഖലകളിലെ കോടതികളിലായി 500 അഭിഭാഷക ക്ളർക്കുമാരാണ് പ്രവർത്തിക്കുന്നത്. കൊവിഡിനെ തുടർന്ന് രണ്ട് മാസം കോടതികൾ പൂർണമായും അടച്ചിട്ടു. പിന്നീട് നീയന്ത്രണങ്ങളോടെ കേസുകൾ പരിഗണനയിൽ വന്നു. 100കേസുകൾ പരിഗണിക്കേണ്ടിടത്ത് അടിയന്തരപ്രാധാന്യം ഉള്ള പത്ത് കേസുകളാണ് പലകോടതികളിലും പരിഗണനയിൽ വരുന്നത്. ജാമ്യം എടുക്കുന്നതിനുള്ള കേസുകളുമാണ് പരിഗണിച്ചിരുന്നത്.
സാമൂഹിക അകലം പാലിക്കണമെന്ന കർശന നിർദേശം കോടതികളിൽ നടപ്പാക്കുന്നതിന്റെ ഭാഗമായി അഭിഭാഷക ക്ളാർക്കുമാർക്കും കോടതികളിൽ എത്തുന്നതിന് കഴിഞ്ഞ ഒന്നുമുതൽ നിയന്ത്രണങ്ങൾ വന്നതോടെ ഇവരുടെ ദുരിതം ഇരട്ടിച്ചു.
പുതിയ കേസുകൾ ഫയൽ ചെയ്യുന്നത് ഓൺലൈനിലൂടെ ആയതോടെ ഇവരുടെ വരുമാനം കുറഞ്ഞു. കുടുംബത്തിന്റെ ദൈനദിന ചെലവ് നടത്താൻ ബുദ്ധിമുട്ടുകയാണ് പലരും. കോടതി അടയ്ക്കുന്നതിന് മുമ്പ്, മിനിമം കേസ് ഉള്ള അഭിഭാഷകനോടൊപ്പം പ്രവർത്തിച്ച ക്ളാർക്കിന് പ്രതിമാസം 30,000 മുതൽ 35,000രൂപ വരെ ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ 5000രൂപ പോലും ലഭിക്കുന്നില്ല. ക്ഷേമനിധിയിൽ അംഗങ്ങളായ ക്ളർക്കുമാർക്ക് 3000രൂപ കൊവിഡ് സഹായമായി ലഭിച്ചു. കേരള അഡ്വക്കേറ്റ് ക്‌ളാർക്ക്സ് അസോസിയേഷൻ അംഗങ്ങളായ എല്ലാ ക്ളാർക്കുമാർക്കും 700രൂപ വീതം ധസഹായം നൽകിയിരുന്നു. ഈ തൊഴിൽ ഉപേക്ഷിച്ച്
പാചക രംഗത്തേയ്ക്കും നിർമ്മാണ മേഖല ഉൾപ്പെടെയുള്ള തൊഴിൽ മേഖലയിലേക്കും തിരിഞ്ഞവരുമുണ്ട്.
40 ശതമാനം വനിതകൾ
ആലപ്പുഴ, ചേർത്തല, അമ്പലപ്പുഴ, രാമങ്കരി, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, ഹരിപ്പാട് എന്നീ സെന്ററുകളിൽ പ്രവർത്തിക്കുന്ന കോടതികളിലായി ജോലിനോക്കുന്ന അഭിഭാഷക ക്ളാർക്കുമാരിൽ 40ശതമാനവും വനിതകളാണ്. മുൻകാലങ്ങളിൽ വനിതകൾ അഭിഭാഷക ക്ളാർക്ക് ജോലിയിൽ അധികമുണ്ടായിരുന്നില്ല. മറ്റ് സ്വകാര്യസ്ഥാപനങ്ങളിലെ ജോലിയേക്കാൾ ഇവിടെ തൊഴിൽ സുരക്ഷിതത്വം ഉൾപ്പടെയുള്ള മെച്ചമുണ്ടെന്നതിനാലാണിത്. ജോലികഴിഞ്ഞ് വൈകിട്ട് അഞ്ചുമണിക്ക് വീട്ടിൽ എത്താൻ സാധിക്കുമെന്നത് ഇവർക്ക് ഏറെ ആശ്വാസകരമാണ്.
.........
എല്ലാ മേഖലയിലും കൊവിഡ് നിയന്ത്രണത്തിൽ ഇളവ് പ്രഖ്യാപിച്ചെങ്കിലും കോടതിയുടെ പ്രവർത്തനത്തിൽ നിയന്ത്രണം തുടരുകയാണ്. ഇത് ഈ മേഖലയിൽ പണിയെടുക്കുന്നവർക്ക് കൂടുതൽ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുന്നു.
കെ.ഉദയഭാനു, ജില്ലാ സെക്രട്ടറി,
കേരള അഡ്വക്കേറ്റ് ക്‌ളാർക്ക്സ് അസോസിയേഷൻ
8
കോടതി സെന്ററുകൾ
500
ജില്ലയിൽ എട്ട് മേഖലകളിലെ കോടതികളിലായി 500 അഭിഭാഷക ക്ളർക്കുമാരാണുള്ളത്