ആലപ്പുഴ: ആതുരസേവനരംഗത്ത് മാതൃകയാവുകയാണ് കുടുംബശ്രീയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സാന്ത്വനം, ഹർഷം പദ്ധതികൾ. ചുരുങ്ങിയ കാലത്തെ പരിശീലനം കൊണ്ട് സ്വന്തമായി ഒരു വരുമാന മാർഗമാണ് അംഗങ്ങൾക്ക് ഒരുങ്ങുന്നത്. മാസം 8000 മുതൽ അഞ്ചക്ക തുക വരെ വരുമാനം നേടുന്ന വനിതകൾ ജില്ലയിലുണ്ട്. ജീവിതശൈലീ രോഗികൾക്ക് വീട്ടിലെത്തി പരിശോധന നടത്തുന്ന സാന്ത്വനം പദ്ധതിയുടെ ഭാഗമായി 31 വനിതകളും, വയോജനങ്ങൾക്ക് പരിചരണം നൽകുന്ന ഹർഷം പദ്ധതിയുടെ ഭാഗമായി 41 വനിതകളുമാണ് ജില്ലയിൽ പ്രവർത്തിക്കുന്നത്.
സംരംഭ രൂപത്തിൽ സ്വയംതൊഴിൽ കണ്ടെത്തി പ്രവർത്തിക്കുന്ന മാതൃകയിലാണ് ഇവരുടെ പ്രവർത്തനം ആവിഷ്കരിച്ചിരിക്കുന്നത്. പരിശീലനത്തിന് പുറമെ, തൊഴിൽ ലഭ്യതയ്ക്കും കുടുംബശ്രീ പിന്തുണ നൽകി വരുന്നു. തൊഴിൽ ലഭ്യത സഹായത്തിനും, സേവന ലഭ്യതയ്ക്കുമായി കാൾ സെൻറ്റർ, വെബ് സൈറ്റ് സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. സാന്ത്വനം പദ്ധതിയുടെ ഭാഗമാകുന്നവർക്ക് ഏഴ് ദിവസത്തെയും, ഹർഷം പദ്ധതിയിൽ പ്രവർത്തിക്കാൻ സന്നദ്ധരാകുന്നവർക്ക് രണ്ടാഴ്ചത്തെയും പരിശീലനമാണ് നൽകുന്നത്.
സാന്ത്വനം
രക്തപരിശോധനയ്ക്കായി ക്ലിനിക്കുകളിലേക്കുള്ള യാത്ര ഒഴിവാക്കാൻ വീടുകളിലെത്തി പരിശോധന ഉൾപ്പെടെയുള്ള സേവനങ്ങൾ നൽകും. കുടുംബശ്രീയും ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന ഹെൽത്ത് ആക്ഷൻ ബൈ പീപ്പിളും (ഹാപ്) ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. പത്താം ക്ലാസ് വിജയിച്ച, സംരംഭം തുടങ്ങാൻ താത്പര്യമുള്ള വനിതകൾക്ക് ഏഴ് ദിവസത്തെ വിദഗ്ദ്ധ പരിശീലനം നൽകും. ഉയരം, ശരീരഭാരം, ബോഡി മാസ് ഇൻഡക്‌സ്, രക്തസമ്മർദ്ദം, രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ്, കൊളസ്‌ട്രോൾ എന്നിവ അളക്കാൻ പഠിപ്പിക്കും. 28,000 രൂപയുടെ പരിശോധനാ കിറ്റ് സംരംഭകർ സ്വയം വാങ്ങണം. ഇതിനുള്ള സഹായം കുടുംബശ്രീ നൽകും. ഈ കിറ്റുമായി വീടുവീടാന്തരം കയറിയാണ് സേവനം നൽകുന്നത്. ഓരോ സേവനത്തിനും ചെറിയ ഫീസ് വാങ്ങാം.
ഹർഷം
വയോജന സേവനങ്ങളും, രോഗീ പരിചരണവും നൽകാൻ പ്രാപ്തരായ പരിശീലനം ലഭിച്ച വനിതകളാണ് പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്നത്. കിടപ്പു രോഗികൾക്കും, ഒറ്റപ്പെട്ടതും അവശത അനുഭവിക്കുന്നതുമായ വയോജനങ്ങൾക്കും, രോഗികൾക്കും ആശ്വാസം പകരാൻ കെയർ ഗിവർമാരിലൂടെ സാധിക്കും. ജോലിയുടെ സ്വഭാവം അനുസരിച്ചാണ് വേതനം ലഭിക്കുന്നത്. യോഗ, ഫിസിയോ തെറാപ്പി, ഷുഗർ, പ്രഷർ പരിശോധന, ഓറൽകെയർ, ബെഡ് കെയർ, ഹെയർ കെയർ, ബെഡ് മേക്കിംഗ്, കത്തീഡ്രൽ കെയർ തുടങ്ങി വിവിധ സേവനങ്ങൾ നല്കാൻ പ്രാപ്തരായ അംഗങ്ങൾ നിലവിലുണ്ട്. 9188112218 എന്ന കോൾസെന്റർ നമ്പർ വഴിയും, കുടുംബശ്രീയുടെ വെബ്സൈറ്റ് വഴിയും കെയർ ഗിവർമാരെ കണ്ടെത്താം.
ഹർഷം എക്സിക്യുട്ടീവിന്റെ സേവനങ്ങൾ
1. വീടുകളിൽ വയോജന/രോഗീ പരിചരണവും കൂട്ടിരിപ്പും
2. ആശുപത്രികളിലും കെയർ ഹോമുകളിലും ബൈസ്റ്റാൻഡർ
3. രോഗികൾക്ക് ആവശ്യമായ ശുചീകരണ പ്രവർത്തനങ്ങൾ
4. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പകൽ വീടുകളിൽ സേവനം
5. രോഗികളെ ആശുപത്രികളിലും ലാബിലും കൂട്ടിക്കൊണ്ടുപോകൽ
6. വീടുകളിൽ പ്രമേഹ, രക്തസമ്മർദ്ദ പരിശോധന
7. വയോജനങ്ങൾളുടെ വിവിധ ആവശ്യങ്ങൾക്ക് കൂട്ടുപോകൽ
...............................
സംരംഭകരാകാൻ താത്പര്യമുള്ള വനിതകൾക്ക് മികച്ച് അവസരമാണ് ഇത്തരം പദ്ധതികൾ തുറന്നുകൊടുക്കുന്നത്. മികച്ച വരുമാനം ലഭിക്കുന്നതിനാൽ കൂടുതൽപേർ ഈ രംഗത്തേക്ക് വരുന്നുണ്ട്
കെ.ബി.അജയകുമാർ, അസിസ്റ്റന്റ് ജില്ലാ മിഷൻ കോ ഓർഡിനേറ്റർ, കുടുംബശ്രീ