n-n-rajan-babu

ആലപ്പുഴ: ജെ.എസ്.എസ് എട്ടാം സംസ്ഥാന സമ്മേളനം ജനുവരി 30,31 തീയതികളിൽ ആലപ്പുഴ നഗരചത്വരത്തിൽ നടത്താൻ സംസ്ഥാന കമ്മിറ്റിയും സെന്ററും തീരുമാനിച്ചതായി പ്രസിഡന്റ് അഡ്വ. എ.എൻ. രാജൻ ബാബു വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഗൗരിഅമ്മ വിഭാഗവും രാജൻബാബു വിഭാഗവും ലയിച്ചതിന് ശേഷമുള്ള ആദ്യത്തെ സമ്മേളനമാണിത്. ഘടകകക്ഷിയാക്കണമെന്നാവശ്യപ്പെട്ട് നൽകിയ കത്ത് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സമ്മേളനത്തിന് മുമ്പ് എൽ.ഡി.എഫ് നേതൃത്വത്തെ സമീപിക്കും. നിയമസഭാ തിരഞ്ഞെടുപ്പിൽ ജെ.എസ്.എസ് മത്സരിച്ച മുഴുവൻ സീറ്റുകളും ആവശ്യപ്പെടുമെന്നും ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി വേണ്ടത്ര പരിഗണന നൽകിയില്ലെന്നും യോഗം വിലയിരുത്തി. ഭാരവാഹികളായ സജീവ് സോമരാജൻ, ആർ. പൊന്നപ്പൻ, ബാലരാമപുരം സുരേന്ദ്രൻ, രാമപുരം കൃഷ്ണൻകുട്ടി, പ്രൊഫ. ബീനാകുമാരി, പി.സി. ജയൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.