പൊലീസിന്റെ മൊബൈൽ ആപ്ളിക്കേഷൻ ജനങ്ങൾക്ക് സഹായകമാകുന്നു
ആലപ്പുഴ: പൊലീസ് സേവനങ്ങൾ വിരൽതുമ്പിൽ ലഭിക്കുന്ന കേരള പൊലീസിന്റെ മൊബൈൽ ആപ്ലിക്കേഷൻ 'പൊൽ - ആപ്' ശ്രദ്ധേയമാകുന്നു. ഇതുവരെ രണ്ടുലക്ഷത്തിലധികം പേർ ജില്ലയിൽ ആപ്പ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുന്നുണ്ട്.
സംസ്ഥാന പൊലീസ് സേനയുടെ 27ൽപ്പരം സേവനങ്ങളാണ് ആപ്പിലൂടെ ലഭ്യമാകുക. ഓരോ വ്യക്തിയും നിൽക്കുന്ന സ്ഥലം ഏത് പൊലീസ് സ്റ്റേഷൻ പരിധിയിലാണ്, തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷൻ ഏത്, പൊലീസ് മേധാവികളുടെ ഫോൺ നമ്പർ, ഇ മെയിൽ ഐ.ഡി തുടങ്ങിയവ ആപ്പിൽ ലഭ്യമാണ്. പൊലീസ് സേവനങ്ങൾക്കുള്ള ഫീസ് ആപ്പ് വഴി നേരിട്ട് ട്രഷറിയിലേക്ക് അടയ്ക്കാനും സാധിക്കും. എഫ്.ഐ.ആർ റിപ്പോർട്ട് ഡൗൺലോഡ് ചെയ്ത് വായിക്കാം. പാസ്പോർട്ട് വെരിവിക്കേഷന്റെ സ്റ്റാറ്റസ് എന്തെന്നറിയാൻ ഓഫീസ് കയറി ഇറങ്ങേണ്ടതില്ല. പൊൽ - ആപിലെ ഒറ്റ ക്ലിക്കിൽ എല്ലാ വിവരങ്ങളും കൺമുന്നിൽ തെളിയും. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് സൗജന്യമായി ആപ്പ് ഡൗൺലോഡ് ചെയ്യാം.
ആപ്പിലെ സേവനങ്ങൾ
കാമറ ഉപയോഗിച്ച് കുറ്റകൃത്യങ്ങൾ ഷൂട്ട് ചെയ്ത് നേരിട്ട് ആപ്പിൽ അപ് ലോഡ് ചെയ്യാം
മുതിർന്ന പൗരന്മാർക്കുള്ള ജനമൈത്രി സേവനത്തിന്റെ രജിസ്ട്രേഷൻ നടത്താം
ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകൾക്ക് വിലാസമടക്കമുള്ള വിവരങ്ങൾ പൊലീസുമായി പങ്കുവെയ്ക്കാം
വീട് പൂട്ടി പോകുന്ന സന്ദർഭങ്ങളിൽ വിവരം പൊലീസ് സ്റ്റേഷനിൽ അറിയിക്കാം
ഉപേക്ഷിക്കപ്പെട്ട നിലയിൽ ആരെയെങ്കിലും കണ്ടെത്തിയാൽ അവരുടെ ഫോട്ടോ സഹിതം വിവരം കൈമാറാം
പൊലീസ് സ്റ്റേഷനിൽ കൂടിക്കാഴ്ചയ്ക്ക് മുൻകൂട്ടി സമയം ബുക്ക് ചെയ്യാം
സൈബർ കുറ്റകൃത്യങ്ങളുടെ വിവരങ്ങളും ചിത്രങ്ങളും നേരിട്ട് അയക്കാം
യാത്ര പോകുമ്പോൾ ഡ്രൈവറുടെയും വാഹനത്തിന്റെയും ചിത്രം ആപ്പിൽ പങ്കുവയ്ക്കാം
പ്രധാനപ്പെട്ട സ്ഥലങ്ങളിലെ പൊലീസ് സ്റ്റേഷൻ നമ്പറടക്കം ടൂറിസ്റ്റ് ഗൈഡ് സഹായം
കൊവിഡ് കാലമായതിനാൽ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തുന്ന സാഹചര്യം പൊതുജനങ്ങൾ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. സാധാരണക്കാർക്ക് എളുപ്പത്തിൽ ഉപയോഗിക്കാവുന്ന തരത്തിലാണ് ആപ്പ് തയാറാക്കിയിരിക്കുന്നത്. കഴിയുന്നത്ര ആളുകൾ ആപ്പ് വഴിയുള്ള സേവനങ്ങൾ ഉപയോഗിക്കണം
- പി.എസ്.സാബു, ജില്ലാ പൊലീസ് മേധാവി