s

ആലപ്പുഴ: ജില്ലയിലെ പക്ഷിപ്പനി, കൊവിഡ് നിയന്ത്രണ നടപടികൾ പരിശോധിക്കാനും ശുപാർശകൾ നൽകാനുമായി എത്തിയ കേന്ദ്രസംഘം ഉദ്യോഗസ്ഥരുമായി ചർച്ചനടത്തി. കേന്ദ്ര ഭക്ഷ്യസംസ്‌കരണ വ്യവസായ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി മിൻഹാജ് ആലം, ന്യൂഡൽഹിയിലെ നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ഡയറക്ടർ ഡോ. എസ്.കെ. സിംഗ് എന്നിവരും കഴിഞ്ഞദിവസം ജില്ല സന്ദർശിച്ച കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിലെ പബ്ലിക് ഹെൽത്ത് സ്‌പെഷലിസ്റ്റ് ഡോ. രുചി ജയ്ൻ, പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി സയൻറിസ്റ്റ് ഡോ. ശൈലേഷ് പവാർ, ഡൽഹി ആർ എം എൽ ആശുപത്രി ഫിസിഷ്യൻ അനിത് ജിൻഡാൽ എന്നിവരുമാണ് സംഘത്തിലുള്ളത്.

പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളിൽ മൂന്നുമാസത്തേക്ക് കർശന ജാഗ്രത പാലിക്കണമെന്ന് സംഘം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. രോഗം സ്ഥിരീകരിച്ച നിശ്ചിത ഇടങ്ങളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് ലാബിലേക്ക് അയയ്ക്കുന്നതിനുള്ള നടപടികൾ തുടരണം. ജില്ലയിൽ ഇതുവരെ 49958 പക്ഷികളെ കൊന്ന് നശിപ്പിച്ചതായും 32550 മുട്ടകൾ നശിപ്പിച്ചതായും 5070 കിലോഗ്രാം തീറ്റ നശിപ്പിച്ചതായും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ യോഗത്തിൽ പറഞ്ഞു. നെടുമുടി, പള്ളിപ്പാട്, തകഴി, കരുവാറ്റ പഞ്ചായത്തുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശത്തിന് ഒരു കിലോമീറ്റർ ചുറ്റളവിൽ നടത്തിയ കള്ളിംഗ് പ്രവർത്തനങ്ങൾ ചിത്രങ്ങൾ സഹിതം കേന്ദ്രസംഘത്തെ ധരിപ്പിച്ചു. എട്ടാം തീയതിയോടു കൂടി സാനിറ്റേഷൻ ഉൾപ്പടെയുള്ള നടപടികൾ പൂർത്തീകരിക്കാൻ കഴിഞ്ഞതായി കലക്ടർ സംഘത്തെ അറിയിച്ചു.
മൂന്നുമാസത്തേക്ക് ഈ പ്രദേശങ്ങളിൽ നിരീക്ഷണ പ്രവർത്തനങ്ങൾ ശക്തമായി തുടരുമെന്നും ഉദ്യോഗസ്ഥർ സംഘത്തെ അറിയിച്ചു. പക്ഷികളെ കൊന്നു നശിപ്പിച്ച പ്രദേശം മൂന്നുമാസത്തേക്ക് 15 ദിവസം ഇടവിട്ട് അണു നശീകരണത്തിന് വിധേയമാക്കും. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ അവലോകനവും സംഘം നടത്തി. ജില്ലയിൽ നിലവിൽ ഇതുവരെ 59974 പേർ ജില്ലയിൽ കൊവിഡ് പോസിറ്റീവായതായി സംഘത്തെ അറിയിച്ചു. ടെസ്റ്റുകളുടെ സ്ഥിതി, കൊവിഡ് രോഗികളുമായി സമ്പർക്കമുണ്ടായവരെ പിന്തുടരുന്ന രീതി, വീടുകളിലെ നിരീക്ഷണം, കൊവിഡ് ആശുപത്രികളിലെ സൗകര്യങ്ങൾ എന്നിവ സംബന്ധിച്ചും സംഘം വിശദമായി

ചോദിച്ചറിഞ്ഞു.

49958 പക്ഷികളെ കൊന്നൊടുക്കി

32550 മുട്ടകൾ നശിപ്പിച്ചു

ടൂറിസം മേഖലയിൽ

കൂടുതൽ ശ്രദ്ധ വേണം

വിനോദസഞ്ചാരമേഖല തുറന്നു കൊടുക്കുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് കേന്ദ്രസംഘം മുന്നറിയിപ്പ് നൽകി. വിനോദ സഞ്ചാരികൾ, ടാക്‌സി ഡ്രൈവർമാർ, ഓട്ടോഡ്രൈവർമാർ എന്നിങ്ങനെ കൊവിഡ് ബാധയ്ക്ക് സാധ്യതയുള്ള പലതരം ഗ്രൂപ്പുകൾ കണ്ടെത്തി അവരിൽ ബോധവത്കരണവും ടെസ്റ്റുകളും നടത്തണം.