ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ സ്ഥാനാർത്ഥികളെക്കുറിച്ചുള്ള ഊഹാപോഹ ചർച്ചകൾക്ക് ചൂടുപിടിച്ചു തുടങ്ങി. ചിലതിൽ അല്പം വാസ്തവം ഉണ്ടെങ്കിലും പ്രധാന മുന്നണികളൊന്നും ഔദ്യോഗിക ചർച്ച തുടങ്ങിയില്ല. കോൺഗ്രസിലാവട്ടെ കെ.പി.സി.സി യുടെയും എ.ഐ.സി.സിയുടെയും നേതൃത്വത്തിൽ സ്ഥാനാർത്ഥി നിർണ്ണയ സർവേ തുടങ്ങിയിട്ടുണ്ട്. ജില്ലയിൽ ഒമ്പത് അസംബ്ളി മണ്ഡലങ്ങളാണുള്ളത്. മൂന്ന് മന്ത്രിമാരും പ്രതിപക്ഷ നേതാവും ജില്ലയെ പ്രതിനിധീകരിക്കുന്നു. ഭരണതുടർച്ചയ്ക്കാണ് എൽ.ഡി.എഫ് മുൻതൂക്കം നൽകുന്നതെങ്കിൽ മൂന്ന് മന്ത്രിമാരും വീണ്ടും മത്സരരംഗത്തുണ്ടാവും. നാല് തവണ വീതം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളവരാണ് മൂന്ന് പേരും. മികച്ച മുന്നേറ്റം കാഴ്ചവയ്ക്കാനായില്ലെങ്കിൽ ജില്ലയിൽ യു.ഡി.എഫിന്റെ സ്ഥിതി കൂടുതൽ പരുങ്ങലിലാവുമെന്നതിനാൽ കഴിയുന്നത്ര സീറ്റുകളിലെ വിജയമാണ് അവരുടെ ലക്ഷ്യം.നിലവിൽ എൽ.ഡി.എഫിന് ആറും യു.ഡി.എഫിന് രണ്ടും പ്രതിനിധികളാണുള്ളത്.കുട്ടനാട് സീറ്ര് ഒഴിഞ്ഞു കിടക്കുകയാണ്. എൻ.ഡി.എ സ്ഥാനാർത്ഥികളുടെ കാര്യത്തിലാണ് വലിയ ഊഹങ്ങൾക്ക് പ്രസക്തിയില്ലാത്തത്.
അരൂർ
നിലവിലെ എം.എൽ.എ ഷാനിമോൾ ഉസ്മാന് (യു.ഡി.എഫ്) നറുക്കുവീഴും.അതിനുള്ള മുന്നൊരുക്കങ്ങൾ ഷാനിമോൾ നടത്തുന്നുമുണ്ട്.ഇടതുപക്ഷത്ത് തണ്ണീർമുക്കം മുൻ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ്. ജ്യോതിസിനാവും കൂടുതൽ സാദ്ധ്യത.സാമുദായിക പരിഗണനയും മുൻ എം.എൽ.എ എൻ.പി.തണ്ടാരുടെ മരുമകൻ എന്ന പരിഗണനയും ജ്യോതിസിന് തുണയാവും.സി.പി.എം മുൻ ജില്ലാ സെക്രട്ടറി സി.ബി.ചന്ദ്രബാബുവാണ് ചിത്രത്തിലുള്ള മറ്റൊരാൾ.സി.പി.ഐയുമായി സീറ്റ് വച്ചുമാറാനുള്ള ചില ആലോചനകളും നേരത്തെ നടന്നിരുന്നു.
ചേർത്തല
നാല് തവണ മത്സരിച്ചതിനാൽ മന്ത്രി പി.തിലോത്തമന് സീറ്റുണ്ടാവുമെന്ന ഉറപ്പില്ല.പി.പ്രസാദ്, ജി.കൃഷ്ണപ്രസാദ്,സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ.എം.കെ.ഉത്തമൻ, ടി.ടി.ജിസ്മോൻ എന്നിവരാണ് പരിഗണിക്കപ്പെടാവുന്ന മറ്റുള്ളവർ.മുൻ എം.എൽ.എ ഡി.സുഗതൻ, കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം കെ.ആർ.രാജേന്ദ്രപ്രസാദ്, വയലാർ രവിയുടെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്ന അജയൻ എന്നിവർ യു.ഡി.എഫ് ക്യൂവിലുണ്ട്. വയലാർ രവിയുടെ മൂത്തമകൾ ഡോ.ലക്ഷ്മിരവിയെ മത്സരിപ്പിക്കാനും സാദ്ധ്യതയുണ്ടെന്നാണ് അറിയുന്നത്.
ആലപ്പുഴ
മന്ത്രി തോമസ് ഐസക്കാണ് എൽ.ഡി.എഫിന്റെ പ്രധാന താരം. എൽ.ഡി.എഫ് പ്രതിനിധിയായി മുമ്പ് ലോക് സഭയിലേക്ക് ജയിച്ച ഡോ.കെ.എസ്.മനോജാണ് യു.ഡി.എഫ് നിരയിൽ പ്രഥമസ്ഥാനത്ത്. 2015-ൽ ഇവിടെ മത്സരിച്ച് തോറ്റ ഡി.സി.സി വൈസ് പ്രസിഡന്റ് പി.ജെ.മാത്യുവും രംഗത്തുണ്ട്.
അമ്പലപ്പുഴ
മന്ത്രി ജി. സുധാകരൻ നിറഞ്ഞു നിൽക്കുന്ന മണ്ഡലം. മത്സരത്തെക്കുറിച്ച് അദ്ദേഹം മനസ് തുറന്നിട്ടില്ല.മുൻ എം.എൽ.എ എ.എ.ഷുക്കൂർ, പ്രൊഫ.നെടുമുടി ഹരികുമാർ എന്നിവരാണ് യു.ഡി.എഫ് പട്ടികയിൽ മുന്നിൽ. എന്നാൽ മുസ്ലീം ലീഗ് അമ്പലപ്പുഴ സീറ്റിന് വേണ്ടി ശക്തമായി നിൽക്കുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഘടകകക്ഷിക്ക് സീറ്റ് നൽകിയതാണ് അവരുടെ പിടിവള്ളി.സമ്മർദ്ദം ഫലിച്ചാൽ ലീഗ് ജില്ലാ പ്രസിഡന്റ് എ.എം.നസീറിനാവും സാദ്ധ്യത.
ഹരിപ്പാട്
മണ്ഡലം മാറ്രത്തിനില്ലെന്ന് രമേശ് ചെന്നിത്തല തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സി.പി.ഐ സ്ഥാനാർത്ഥിയായി ജി.കൃഷ്ണപ്രസാദോ, പി.പ്രസാദോ ചേർത്തലയിൽ മത്സരിച്ചാൽ സിൻഡിക്കേറ്റ് അംഗം അഡ്വ .അജികുമാറിന് നറുക്കു വീണേക്കും.
കായംകുളം
യു.പ്രതിഭ എം.എൽ.എയുടെ മത്സര സാദ്ധ്യതയ്ക്ക് മങ്ങലുണ്ട്. ഡി.വൈ.എഫ്. ഐ ഇപ്പോൾ തന്നെ വിമുഖത പ്രകടിപ്പിച്ചിട്ടുണ്ട്.പാർട്ടി പ്രാദേശിക നേതൃത്വവുമായുള്ള ഉരസലും പ്രശ്നമാവും.ദീർഘകാലമായി നിശബ്ദപ്രവർത്തനം നടത്തുന്ന കെ.എച്ച്.ബാബുജാനാവും പരിഗണിക്കപ്പെടാവുന്ന ഒരാൾ.ജില്ലയിൽ വനിത വേണമെന്ന നിലപാട് പാർട്ടി സ്വീകരിച്ചാൽ മുൻ എം.പി.സി.എസ് സുജാതയ്ക്കും നറുക്കു വീണേക്കാം. യു.ഡി.എഫ് പക്ഷത്ത് ഡി.സി.സി പ്രസിഡന്റ് എം.ലിജുവിന് പരിഗണന കിട്ടാൻ സാദ്ധ്യതയുണ്ട്.
മാവേലിക്കര
ആർ.രാജേഷ് എം.എൽ.എയ്ക്ക് തത്കാലം ഇളക്കമുണ്ടാവില്ല. മുൻ എം.എൽ.എ കെ.കെ.ഷാജുവിനെ യു.ഡി.എഫ് പരിഗണിച്ചേക്കാം.
കുട്ടനാട്
യു.ഡി.എഫ് ജോസഫ് വിഭാഗത്തിന് സീറ്റ് നൽകിയാൽ ജേക്കബ് എബ്രഹാം സ്ഥാനാർത്ഥിയാവും. എൻ.സി.പി തർക്കം നിലനിൽക്കുന്നതിനാൽ ജനാധിപത്യ കേരള കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ ഡോ.കെ.സി.ജോസഫിനാവും എതിർപക്ഷത്ത് സാദ്ധ്യത.
ചെങ്ങന്നൂർ
സജിചെറിയാൻ എം.എൽ.എ വീണ്ടും മത്സരിക്കാൻ സാദ്ധ്യത. യു.ഡി.എഫിൽ രണ്ട് പ്രമുഖർ മത്സര സന്നദ്ധരായുണ്ട്.പ്രൊഫ.പി.ജെ.കുര്യനും എം.മുരളിയും.സാമുദായിക പിന്തുണയാണ് ഇതിന് കാരണം.