ഹരിപ്പാട്: ജെ.സി.ഐ ഹരിപ്പാട് ചാപ്റ്ററിന്റെ 18ാമത് ഇൻസ്റ്റലേഷൻ ഇന്ന് വൈകിട്ട് 4ന് റോട്ടറി കമ്യൂണിറ്റി ട്രസ്റ്റ് ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 18ാ മത് പ്രസിഡന്റായി നിത്യ ഭാനു ചുമതല ഏൽക്കും. 18 വർഷത്തിനിടയിൽ ആദ്യമായാണ് വനിത ജെ സി ഐ ഹരിപ്പാടിന്റെ നേതൃത്വം ഏറ്റെടുക്കുന്നത്.

ചടങ്ങിൽ ഹരിപ്പാട് മുനിസിപ്പൽ ചെയർമാൻ കെ.എം. രാജു മുഖ്യാതിഥിയാകും. ജെ.സി.ഐ സോൺ പ്രസിഡന്റ് ബെനു വർഗീസ് വിശിഷ്ടാതിഥിയാകും. മുൻ സോൺ പ്രസിഡന്റ് അനൂപ്‌ കുമാർ മുഖ്യപ്രഭാഷണം നടത്തും. സെക്രട്ടറിയായി സജിക്കുട്ടനും, ട്രഷററായി വേണു ഗോപാലും, ജെ.സി.ആർ.ടി ചെയർപേഴ്സണായി അക്ഷര അജയകുമാറും, ജെ.ജെ ചെയർപേഴ്സണായി ഋതു നന്ദയും ചുമതലയേൽക്കും. പ്രോഗ്രാം ഡയറക്ടർ അജയകുമാർ ചടങ്ങുകൾക്ക് നേതൃത്വം നൽകും. ജെ.സി.ഐ ഹരിപ്പാട് ചാപ്റ്ററിന്റെ നേതൃത്വത്തിൽ വരുന്ന ഒരു വർഷക്കാലം ദ്രോണ, സംസ്‌കൃതി, പൊൻ പുലരി എന്നീ വിവിധങ്ങളായ കലാ സാംസ്കാരിക കർമ്മ പരിപാടികൾ നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ പ്രോഗ്രാം ഡയറക്ടർ അജയകുമാർ, നിയുക്ത പ്രസിഡന്റ് നിത്യ ഭാനു, സെക്രട്ടറി സജിക്കുട്ടൻ എന്നിവർ പങ്കെടുത്തു.