rf

ഹരിപ്പാട്: ബുക്ക് രൂപത്തിലുള്ള റേഷൻ കാർഡുകൾ ഒഴിവാക്കി പകരം ഇ-കാർഡുകൾ ഏർപ്പെടുത്തുമെന്ന് ഭക്ഷ്യ മന്ത്രി പി.തിലോത്തമൻ പറഞ്ഞു. ഹരിപ്പാട് റവന്യു ടവറിൽ ആരംഭിക്കുന്ന കാർത്തികപ്പള്ളി താലൂക്ക് സപ്ലൈ ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനക്ഷേമം മാത്രം മുൻനിർത്തി പ്രവർത്തിക്കുന്ന ഓഫീസുകളാണ് സപ്ലൈ ഓഫീസുകൾ. സിവിൽസപ്ലൈസ് ഓഫീസിലെ എല്ലാ മേഖലയിലും പെട്ട ജീവനക്കാരുടെ ഒരുപോലെയുള്ള പ്രവർത്തനമാണ് കൊവിഡ് കാലത്തും കേരളത്തിൽ ഭക്ഷ്യക്ഷാമം ഉണ്ടാകാതിരിക്കാൻ സഹായിച്ചതെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചടങ്ങിൽ അദ്ധ്യക്ഷനായി. സിവിൽ സപ്ലൈസ് ഡയറക്ടർ ഹരിത. വി. കുമാർ, ഹരിപ്പാട് നഗരസഭാ ചെയർമാൻ കെ.എം രാജു, സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അംഗം ബി. രാജേന്ദ്രൻ, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുക്മിണി രാജു, കൗൺസിലർ വൃന്ദ എസ് കുമാർ എന്നിവർ സംസാരിച്ചു.