മാന്നാർ : ഇടിമിന്നലേറ്റ് വീടിന് കനത്ത നാശനഷ്ടം. കുടുംബാംഗങ്ങൾ തലനാരിഴയ്ക്ക് രക്ഷപെട്ടു. വെണ്മണി പുന്തല 8-ാം വാർഡ് അംബിമുക്കിന് സമീപം മണ്ണുർ കിഴക്കേതിൽ പ്രസന്നൻ്റെ വീടിനാണ് കഴിഞ്ഞ രാത്രി 8.40 തോടെ ഇടിമിന്നലേറ്റത്. വീടിന്റെ കിഴക്കുവശത്ത് നിന്നിരുന്ന നാരകത്തിന്റെ സമീപത്തെ മണ്ണ് ഇളകി മാറി ഗർത്തം രൂപപ്പെട്ടു.
അടുക്കളയിലെ പാതകത്തിന്റെ അടിയിലെ ഭിത്തിയും ഇളകിത്തെറിച്ച നിലയിലാണ്. ഗ്യാസ് സിലണ്ടറിന്റെ റെഗുലേറ്റർ പൂട്ടിവച്ചിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. അടുക്കളയിലും സ്റ്റോർറൂമിലും ഉണ്ടായിരുന്ന പാത്രങ്ങളും മിക്സിയും തെറിച്ച് താഴെവീണു. അടുക്കളയുടെ പുറത്തേഭിത്തിയും രണ്ടിടങ്ങളിലായി പൊട്ടിത്തെറിച്ചു. ഈ ഭാഗത്തെ ജനലിന്റെ ചില്ലുകൾ പൊട്ടിച്ചിതറി. പ്രസന്നന്റെ ഭാര്യ ശ്രീലേഖയും മാതാവ് ലക്ഷ്മികുട്ടിയമ്മയും കുട്ടികളും ഈ സമയം വീട്ടിൽ ടിവി കണ്ടുകൊണ്ടിരിക്കുകയായിരുന്നു. അടുക്കളയിൽ പൊട്ടിത്തെറിയുണ്ടായതോടെ കുട്ടികളും വീട്ടുകാരും ഭയന്ന് നിലവിളിച്ചതിനെത്തുടർന്ന് അയൽവാസികൾ ഓടിയെത്തി. പിന്നീട് അയൽ വാസിയുടെ വീട്ടിലാണ് കുട്ടികളും കുടുംബാംഗങ്ങളും കഴിഞ്ഞുകൂടിയത്. വൈദ്യുതി മീറ്റർ, സർവീസ് ലൈൻ, സ്വിച്ചുകൾ എന്നിവയ്ക്കും ടിവി, ഫ്രിഡ്ജ്, മിക്സി, ഫാൻ എന്നിവയ്ക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഒരുലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി വീട്ടുടമ പറഞ്ഞു.