s

നിയന്ത്രണങ്ങൾ പാലിച്ച് പരിശീലനം തുടങ്ങും

ആലപ്പുഴ: കൊവിഡ് മാർഗ നിർദ്ദേശങ്ങൾ പാലിച്ച് സ്‌കൂളുകളും കോളേജുകളും തുറന്നതോടെ സ്‌പോർട്‌സ് ഹോസ്റ്റലുകളും പരിശീലന

ഇടങ്ങളും സജീവമാകുന്നു. ജല കായിക ഇനങ്ങളുടെ പരിശീലന കേന്ദ്രമായ ആലപ്പുഴ 'സായി'യിൽ ഈ മാസം 19ഓടെ പരിശീലനം ആരംഭിക്കും. ഇവിടെ ഹോസ്റ്റൽ തുറക്കാനുള്ള ഒരുക്കത്തിലാണ്. സായിയിൽ പരിശീലനം തുടങ്ങുന്നതോടെ ജില്ലയിലെ മറ്റ് കോളേജുകളിലും കായിക പരിശീലനം ആരംഭിക്കും.

പരിശീലനത്തിനായി സ്‌കൂൾ, കോളജ് വിദ്യാർത്ഥികൾ വീണ്ടും ഗ്രൗണ്ടുകളിലേക്ക് എത്തുമ്പോൾ അദ്ധ്യാപകർക്ക് ചുമതലകളേറുകയാണ്. കഴിഞ്ഞ മാർച്ച് മുതൽ സ്കൂൾ കായിക താരങ്ങളുടെ പരിശീലനം വീടുകളിലാണ്. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവു വന്നതോടെ പലരും വീടിനടുത്തുള്ള ഗ്രൗണ്ടിൽ പരിശീലനം തുടങ്ങിയിരുന്നു. കോളേജ് അടച്ചതു മുതൽ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴിയായിരുന്നു പരിശീലനം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് പോഷകാഹാര കുറവ് കാരണം ചെറിയ തോതിലുള്ള വർക്കൗട്ട് മാത്രമേ നിലവിൽ നടക്കുന്നുള്ളൂ. സ്കൂൾ, കോളേജ് തലങ്ങളിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ നടക്കേണ്ട മാസങ്ങളാണ് കടന്നു പോകുന്നത്. അവസാന വർഷ കോളേജ് വിദ്യാർത്ഥികൾക്ക് ദേശീയ മത്സരയിനങ്ങൾ മുടങ്ങിയത് സ്പോർട്സ് ക്വാട്ട ജോലി സാദ്ധ്യതകൾക്കും മങ്ങലുണ്ടാക്കി.

മാസ്ക് തടസം

വ്യക്തിഗത ഗയിംസ് ഇനങ്ങളിൽ പരിശീലനം നൽകാൻ വലിയ ബുദ്ധിമുട്ടില്ല. കോളേജുകളിൽ പ്രധാനം ടീം ഇനങ്ങളാണ്. മാസ്ക് ധരിച്ചുള്ള പരിശീലനം ബുദ്ധിമുട്ടാണ്. ക്രിക്കറ്റ്, ഫുട്‌ബാൾ, വോളിബാൾ, ബാസ്‌കറ്റ്‌ബാൾ ഇനങ്ങളിലെ പ്രകടനത്തെ ഇതു ബാധിക്കും.

ഗ്രേസ് മാർക്ക് വിഷയം

അവസാന വർഷ പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് പ്രതിസന്ധിയിലായി. ഇക്കൊല്ലം മത്സരങ്ങൾ നടന്നില്ലെങ്കിൽ ഗ്രേസ് മാർക്ക് ലഭിക്കില്ലെന്ന ആശങ്കയിലാണ് വിദ്യാർത്ഥികളും പരിശീലകരും. 10-ാം ക്ലാസ് വിദ്യാർത്ഥികൾക്ക് പ്ലസ് വൺ അഡ്മിഷനിലും പ്ലസ്ടു വിദ്യാർത്ഥികൾക്ക് കോളേജ് അഡ്മിഷനിലും സ്പോർട്സ് ക്വാട്ട വിഷയമാവും. സംസ്ഥാന- ദേശീയ തലങ്ങളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ അർഹതപ്പെട്ടവർക്ക് മാർക്കിന് അവസരമുണ്ടാക്കണമെന്നാണ് ആവശ്യം.

രണ്ട് സോൺ

ഗ്രീൻ സോൺ, റെഡ് സോൺ എന്നിങ്ങനെ തരം തിരിച്ചാണ് സായിയിൽ പരിശീലനം. ഗ്രീൻ സോണിലുള്ളവർ ബയോ ബബിളിലായിരിക്കും. ഈ വിദ്യാർത്ഥികളും അദ്ധ്യാപകരും ഭക്ഷണം പാകം ചെയ്യുന്നവരും പരിശീലനം ആരംഭിക്കുന്നത് മുതൽ മറ്റുള്ളവരുമായി ഒരു തരത്തിലുള്ള സമ്പർക്കത്തിലും ഏർപ്പെടുകയില്ല. റെഡ് സോണിലുള്ളവർ പത്ത്, പ്ലസ് ടു വിദ്യാർത്ഥികളാണ്. ഇവർക്ക് പുറത്ത് പോകേണ്ടി വരുന്നതിനാൽ ഗ്രീൻ സോണിലുള്ളവരിൽ നിന്ന് മാറ്റി പാർപ്പിക്കും.

സായിയിൽ പരിശീലനം ആരംഭിക്കാനാണ് തീരുമാനം. വിദ്യാർത്ഥികളുടെ കൊവിഡ് സുരക്ഷയെ മുൻനിറുത്തി രണ്ട് സോണായാണ് ഹോസ്റ്റൽ സൗകര്യം ഒരുക്കുന്നത്. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതു മുതൽ വിദ്യാർത്ഥികൾക്ക് ഓൺലൈൻ വഴി പരിശീലനം നൽകുന്നുണ്ട്. ഗ്രൗണ്ടിൽ ചെയ്യുന്നതു പോലെയാകില്ലെങ്കിലും വിദ്യാർത്ഥികളുടെ ഫിറ്റ്‌നസ് നഷ്ടപ്പെടാതെ സൂക്ഷിക്കാൻ ഒരു പരിധി വരെ സാധിച്ചു.

(അർജുന സജി തോമസ്, സായ് പരിശീലകൻ )

സ്പോർട്സ് ഹോസ്റ്റലുകളുടെ പ്രവർത്തനം ആരംഭിച്ചിട്ടില്ല. അനുമതി ലഭ്യമായാൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരിശീലനം തുടങ്ങും. വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ് നൽകുന്നുണ്ട്. മത്സരങ്ങൾ നടക്കാത്തതിനാൽ ഗ്രേസ് മാർക്കിൻറ്റെ കാര്യത്തിൽ ആശയകുഴപ്പമുണ്ട്.

(ഹെലൻസി, അസി.ഫിസിക്കൽ എഡ്യുക്കേഷൻ ട്രെയിനർ സെന്റ് ജോസഫ് കോളേജ്,ആലപ്പുഴ)