ആലപ്പുഴ: ഗുണനിലവാരമുള്ള ഫലവൃക്ഷത്തൈകൾ ന്യായവിലയ്ക്ക് ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യവുമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ 'ജൈവിക പ്ലാന്റ് നഴ്സറികൾ' ജില്ലയിലും സജീവമാകുന്നു. 35 നഴ്‌സറികളാണ് 21 കുടുംബശ്രീ വനിതകളുടെ നേതൃത്വത്തിൽ കൂട്ടായും ഒറ്റയ്ക്കും വിജയകരമായി ജില്ലയിൽ പ്രവർത്തിക്കുന്നത്.

അഞ്ച് സെന്റ് മുതൽ രണ്ടര ഏക്കർ വരെ സ്ഥലത്താണ് നഴ്‌സറികൾ നടത്തുന്നത്. പരിശീലനം നേടിയ കുടുംബശ്രീ സംരംഭകരാണ് ഉത്പാദന ശേഷിയുള്ള ഫലവൃക്ഷത്തൈകൾ പരിപാലിക്കുന്നത്. അലങ്കാര ചെടികൾ, തെങ്ങിൻ തൈകൾ, കുരുമുളക്, മാവ്, പ്ലാവ് തുടങ്ങി വീട്ടുമുറ്റത്ത് പൂന്തോട്ടം ഒരുക്കുന്നത് മുതൽ കൃഷിക്ക് ആവശ്യമായ എല്ലാ തൈകളും ഈ നഴ്‌സറികളിൽ നിന്ന് ലഭിക്കും. ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തിൽ സംസ്ഥാനത്ത് ഒരു കോടി വൃക്ഷത്തൈകൾ നടുന്ന പദ്ധതിയുടെ ഭാഗമായി ജൈവിക കുടുംബശ്രീ പ്ലാന്റ് നഴ്‌സറികളിൽ നിന്നാണ് കൃഷിഭവനിലേക്ക് തൈകൾ വിതരണം ചെയ്തത്.

ഒരോ നഴ്‌സറിയിൽ നിന്നും 50,000ഓളം തൈകളാണ് പരിപാലിച്ച് ജില്ലയിലെ വിവിധ കൃഷി ഭവനുകളിലേക്ക് നൽകിയത്. മുരിങ്ങ, സീതപ്പഴം, ഈട്ടി, തേക്ക്, കുന്നിവാക, നെല്ലി, ഇലഞ്ഞി, താന്നി, അശോകം, മാവ്, കണിക്കൊന്ന, ഞാവൽ, കമ്പകം, നീർമരുത്, ചന്ദനം, വേങ്ങ, കറിവേപ്പ്, മണിമരുത്, കുമ്പിൾ, പൂവരശ് തുടങ്ങി ഫലവൃക്ഷ, ഔഷധയിനത്തിൽപ്പെട്ട നൂറോളം ഇനം വൃക്ഷത്തൈകളാണ് കൃഷിഭവനുകളിലേക്ക് നൽകിയത്. അടുക്കളത്തോട്ടം ഒരുക്കുന്നതിനുള്ള വിത്തുകളും അലങ്കാരച്ചെടികളും ഈ നഴ്‌സറികളിൽ നിന്ന് ലഭിക്കും.

 കഞ്ഞിക്കുഴി മുന്നിൽ

ജില്ലയിൽ ഏറ്റവും കൂടുതൽ ജൈവിക നഴ്‌സറിയുള്ളത് കഞ്ഞിക്കുഴി ബ്ലോക്കിലാണ്. ഇവിടെ 18 നഴ്‌സറികളുണ്ട്. ചെടികൾ വളർത്തുന്നതിൽ ചെറിയ അഭിരുചിയുള്ള ആർക്കും നഴ്‌സറി നടത്തി വിജയത്തിലെത്താൻ കഴിയും. ജൈവിക കാർഷിക പ്ലാന്റ് നഴ്സറി ശൃംഖല ഉണ്ടാക്കുകയാണ് കുടുംബശ്രീ മിഷന്റെ ലക്ഷ്യം. നഴ്‌സറിക്കായി കുടുംബശ്രീ ജില്ലാ മിഷൻ 50,000 രൂപ വായ്പ നൽകിയത് നഴ്‌സറി തുടങ്ങാൻ സഹായകമായി. ബംഗളുരു, പൂനെ, ഹൈദരബാദ് എന്നിവിടങ്ങളിൽ നിന്നാണ് ചെടികൾ കൊണ്ടുവരുന്നത്.

.............................

 ഒരേ വില

നൂതന പ്രജനന, പരിപാലന രീതികൾ അവലംബിച്ചാണ് നഴ്സറികൾ സ്ഥാപിച്ചത്. വ്യക്തിഗതമായോ ഗ്രൂപ്പുകളായോ യൂണിറ്റ് ആരംഭിക്കുന്നതിന് കുടുംബശ്രീ ജില്ലാ മിഷൻ സഹായം നൽകും. കുടുംബശ്രീ പ്രവർത്തകർക്ക് മാത്രമേ ജൈവികയിൽ പങ്കാളിയാകാൻ കഴിയുകയുള്ളൂ. സംസ്ഥാനത്താകെ നടീൽ വസ്തുകൾ ഒരേ വിലയിൽ ലഭ്യമാകും.

..........

കുടുംബശ്രീ വനിതകൾക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിന്റെയും സാമ്പത്തിക സഹായം നൽകുന്നതിന്റെയും ഭാഗമായി ജില്ലാ കുടുംബശ്രീ മിഷനാണ് ജൈവിക കുടുംബശ്രീ പ്ലാന്റ് നഴ്‌സറിക്ക് ആവശ്യമായ സഹായങ്ങൾ നൽകിയത്. വീട്ടമ്മമാർക്ക് നല്ലൊരു വരുമാന മാർഗമാണ് ജൈവിക പ്ലാന്റ്. ജില്ലയിൽ മികച്ച രീതിയിലാണ് പ്രവർത്തനം നടക്കുന്നത്

(ദീപ്തി ബാബു, കുടുംബശ്രീ ഫാം ലൈവ് ലി ഫുഡ് ജില്ലാ കോ- ഓർഡിനേറ്റർ)