ആലപ്പുഴ: നഗരത്തിലെ റോഡുകൾ കൈയടക്കി വഴിയോര കച്ചവടക്കാർ. മുല്ലയ്ക്കൽ,കൈചൂണ്ടി മുക്ക്,ജില്ലാകോടതി എന്നിവിടങ്ങളിലാണ് റോഡിന്റെ ഇരുവശങ്ങളിലും വഴിയോരകച്ചവടം സജീവം. നഗരത്തിലെ തിരക്കിനിടയിൽ വഴിയോരകച്ചവടം ഗതാഗതകുരുക്കിന് ഇടയാക്കുകയാണ്.കാൽനടക്കാർക്ക് നടക്കാൻ ബുദ്ധിമുട്ടായി പ്രവർത്തിക്കുന്ന വഴിയോരകച്ചവടത്തിനെതിരെ നഗരസഭ ഉൾപ്പെടെ നടപടി സ്വീകരിക്കുന്നുണ്ട്. ഒഴിപ്പിക്കൽ നടപടി പല തവണ സ്വീകരിച്ചെങ്കിലും ഒന്നും ഫലവത്തായില്ല. ഒരു പ്രദേശത്ത് നിന്ന് കച്ചവടക്കാരെ ഒഴിപ്പിച്ചാൽ മറ്റ് ഇടത്തേക്ക് ചേക്കേറും, ഇതാണ് പതിവ് രീതി . അല്ലെങ്കിൽ ഒരാഴ്ച കഴിഞ്ഞ് ഒഴിപ്പിച്ച സ്ഥലത്ത് വീണ്ടും കച്ചവടം ആരംഭിക്കും. നഗരത്തിൽ നിന്ന് തിരിയാൻ സ്ഥലമില്ലാത്തിടത്ത് പെട്ടിവണ്ടിയിലും ഉന്തുവണ്ടിയിലുമാണ് കച്ചവടം നടത്തുന്നത്. തിരക്കുള്ള സ്ഥലത്ത് കച്ചവടം നടത്തുന്നത് റോഡ് അപകടത്തിന് വഴി ഒരുക്കും. നടപ്പാതയിലുള്ള കച്ചവടം കാരണം കാൽനടക്കാർക്ക് സഞ്ചരിക്കാൻ ഇടമില്ലാത്ത അവസ്ഥയാണ്. ആളുകൾക്ക് അപകടങ്ങൾ കൂടാതെ സഞ്ചരിക്കാൻ പൊതുമരാമത്ത് ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച നടപ്പാതകളാണ് വഴിയോരകച്ചവടക്കാർ കൈയടക്കിയിരിക്കുന്നത്. പ്രദേശവാസികളടക്കം ആയിരക്കണക്കിന് ആളുകളാണ് നഗരത്തിലൂടെ ദിനം പ്രതി കടന്ന് പോകുന്നത്. കഴിഞ്ഞ വർഷം വഴിയോര ബിരിയാണി കച്ചവടം നിറുത്തിയിരുന്നു. നിലവിൽ പഴം -പച്ചക്കറി കച്ചവടമാണ് പ്രധാനമായി നടക്കുന്നത്. കടകളിലേക്കാൾ കുറഞ്ഞവിലയ്ക്ക് സാധനം കിട്ടുന്നതിനാൽ വൈകുന്നേരങ്ങളിൽ കച്ചവടത്തിന് തിരക്കേറും. സാധനങ്ങൾ വാങ്ങാൻ എത്തുന്നവർ കൂട്ടമായ് നിൽക്കുന്നത് ഗതാഗത തിരക്കിനൊപ്പം അപകടത്തിന് വഴിയൊരുക്കും. നാട്ടുകാരുടെ പരാതിയിൽ നഗരസഭ നിരവധിതവണ കച്ചവടക്കാരെ ഒഴിപ്പിച്ചെങ്കിലും തുടർനടപടികൾ കടലാസിലൊതുങ്ങി. പെരുകിവരുന്ന അനധികൃത കച്ചവടങ്ങൾ ഒഴിപ്പിക്കാൻ കളക്ടർ നിർദ്ദേശം നൽകിയെങ്കിലും ഫലമുണ്ടായില്ല. അപകടങ്ങൾ പതിവായതോടെ ട്രാഫിക് പൊലീസ് ഇടപെട്ട് വഴിയോര കച്ചവടക്കാരെ ഒഴിപ്പിച്ചിരുന്നു.
..........
# ഞങ്ങൾ എവിടെപ്പോകും
വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാൻ നടപടി സ്വീകരിക്കുന്നുണ്ടെങ്കിലും വഴിയോരകച്ചവടക്കാരെ പുനരധിവസിപ്പിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. വർഷങ്ങളായി വഴിയോരക്കച്ചവടം നടത്തുന്ന കച്ചവടക്കാർക്ക് കച്ചവടം നടത്താനുള്ള ലൈസൻസ്, ഐഡികാർഡ് എന്നിവ നൽകാൻ നഗരസഭ തയ്യാറാകണമെന്നാണ് യൂണിയനുകളുടെ ആവശ്യം. കെട്ടിടം വാടകയ്ക്ക് എടുത്ത് കച്ചവടം നടത്താനുള്ള സാമ്പത്തികം ഇല്ലാത്തതാണ് വഴിയോരക്കച്ചവടത്തിലേക്ക് എത്തിക്കുന്നത്. എന്നാൽ നഗരത്തിലെ റോഡിന്റെ വീതിക്കുറവ് കാരണം വഴിയോരക്കച്ചവടം അപകടം വിളിച്ച് വരുത്തുന്നു.
........
# കൈത്താങ്ങ്
ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും കാര്യമായി വായ്പാ സാദ്ധ്യത കാണാത്ത ഒരു മേഖലയിൽ പുത്തനുണർവ് പകരുന്ന പദ്ധതിയാണ് പ്രധാനമന്ത്രി സ്വനിധി വായ്പാ സ്‌കീം. വഴിയോര കച്ചവടക്കാർ, ചെറിയ തട്ടുകട / ചായത്തട്ട് നടത്തുന്നവർ, ഉന്തുവണ്ടി കച്ചവടം ചെയ്യുന്നവർ, പച്ചക്കറി വിൽക്കുന്ന സ്ത്രീകൾ എന്നിവർക്ക് പുത്തനുണർവ് നൽകുന്നതാണ് സ്കീം. വഴിയോരകച്ചവടം ചെയ്യുന്ന ആൾക്കാർക്ക് 10,000 രൂപ വരെ പ്രവർത്തന മൂലധനമായി ലഭിക്കുന്നതാണ് സ്‌കീം.
കേന്ദ്രസർക്കാർ ഏഴ് ശതമാനം പലിശ സബ്സിഡിയായി വായ്പ എടുക്കുന്നവർക്ക് കൊടുക്കും. എന്നാൽ ലൈസൻസുള്ള കച്ചവടക്കാർക്ക് മാത്രമാണ് ഈ വായ്പ പദ്ധതിക്ക് അർഹത.
........
" വഴിയോരകച്ചവടക്കാർ ഉപജീവനമാർഗത്തിന് വേണ്ടിയാണ് റോഡരികിൽ കച്ചവടം നടത്തുന്നത്. എന്നാൽ ജില്ലാ കോടതിപാലത്തിൽ വഴിയോരകച്ചവടം ഗതാഗതകുരുക്കിനും അപകടത്തിനും ഇടവരുത്തും. ക്ലാസുകൾ സാധാരണ നിലയിൽ എത്തുമ്പോൾ കച്ചവടം വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ടിന് ഇടവരുത്തും. പല തവണ കച്ചവടക്കാരെ ഒഴിപ്പിച്ചെങ്കിലും രണ്ട് ദിവസത്തിന് ശേഷം വീണ്ടും കച്ചവടത്തിന് എത്തും.
(ട്രാഫിക് പൊലീസ് അധികൃതർ)