പൂച്ചാക്കൽ: ക്ഷേത്രോത്സവങ്ങളുടെ ഭാഗമായി നടത്തിയിരുന്ന സർക്കസ് പരിപാടിയുടെ കാര്യത്തിലും തീരുമാനമായതോടെ
മരണക്കിണറും തൊട്ടിലാട്ടവും ബലൂൺ സ്ക്കിപ്പിംഗും ഉൾപ്പെടെയുള്ള വിനോദ കായിക അഭ്യാസങ്ങളുമായെത്തിയ ഇരുപത്തിമൂന്ന് ഉത്തരേന്ത്യൻ കായികാഭ്യാസികൾ പാണാവള്ളിയിലെ കൂലിപ്പണിക്കാരായി!
അരയങ്കാവ് അംബിക വിലാസം ക്ഷേത്രത്തിലെ ഉത്സവ പരിപാടികൾക്ക് ഹരം പകരാൻ കഴിഞ്ഞ മാർച്ചിൽ എത്തിയ ടീമാണ് കൊവിഡ് മൂലം വെട്ടിലായത്. ഏറ്റവും കൂടുതൽ കളക്ഷൻ കിട്ടുന്ന മഹോത്സവ ദിവസമാണ് കഴിഞ്ഞ വർഷം സർക്കസ് കൂടാരം അടച്ചു പൂട്ടേണ്ടി വന്നത്. മൂന്നു വയസുകാരിയുൾപ്പെടെ കുടുംബ സഹിതം എത്തിയ ബീഹാറുകാരൻറ്റെ ഗതികേടുകണ്ട് പഞ്ചായത്ത് അധികാരികൾ അഭയം നൽകിയിട്ടുണ്ട്. നിത്യ ചിലവുകൾക്ക് വരുമാനമോ, തിരികെ നാട്ടിലേക്ക് പോകാനോ സാധിക്കാതെ വന്നതോടെ സർക്കസ് ടീമിലെ ചിലർ നാട്ടിൻ പുറങ്ങളിൽ കൂലിപ്പണി ചെയ്യുകയാണ്. ഉത്സവപ്പറമ്പുകൾ തോറും മാറിമാറി ക്യാമ്പ് ചെയ്തിരുന്ന ഇവർക്ക് പാണാവള്ളിയിൽ നിന്നു നീങ്ങാൻ കഴിഞ്ഞില്ല. കഴിഞ്ഞ വർഷം കെട്ടിപ്പൊക്കിയ കൂടാരം ഇപ്പോഴും അഴിച്ചുമാറ്റിയിട്ടില്ല. മരപ്പലകകൾ പലതും മഴയും വെയിലുമേറ്റ് ദ്രവിച്ചു തുടങ്ങിയിട്ടുണ്ട്. സീസണിലെ എട്ടു മാസം കൊണ്ട് മുപ്പത് സ്ഥലങ്ങളിൽ വരെ പരിപാടി നടത്താറുണ്ടെന്ന് സർക്കസ് കമ്പനി ഉടമയായ കൊല്ലം അഞ്ചൽ സ്വദേശി ബാദുഷ പറഞ്ഞു. ഒരേ സമയത്ത് നാല് സ്ഥലങ്ങളിൽ പരിപാടി നടത്തുവാനുള്ള സംവിധാനമുണ്ടായിരുന്നു. മലയാളികൾ ഉൾപ്പെടെ 84 പേർ സംഘത്തിലുണ്ട്. കുമളിയിലും, വടക്കാഞ്ചേരിയിലും, തൃശൂരിലും ഇതേ സമയത്ത് തന്നെ കഴിഞ്ഞ വർഷം ക്യാമ്പിട്ടിരുന്നു.
പ്രളയവും, പിന്നാലെ വന്ന കൊവിഡുമാണ് രംഗം തകർത്തുകളഞ്ഞത്. കൊൽക്കത്ത, ഝാർഖണ്ഡ്, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് പ്രധാന അഭ്യാസികൾ. ഇവരെ കൂടാതെ ലൈറ്റ് ആൻഡ് സൗണ്ട്, ജനറേറ്റർ സംവിധാനം, സെക്യൂരിറ്റി ജീവനക്കാർ ഉൾപ്പെടെയുള്ളവരും അനുബന്ധമായി ജോലി ചെയ്യുന്നുണ്ട്. ഒരു സ്ഥലത്തെ ക്യാമ്പിനു ശേഷം അടുത്തിടത്തേക്ക് മാറാൻ ടെൻറു പൊളിക്കുന്നതിനും ലോഡിംഗിനും ലോറി വാടകയ്ക്കും കൂടി കുറഞ്ഞത് അൻപതിനായിരം രൂപ ചെലവുണ്ട്. ജീവനക്കാർക്ക് ശമ്പളവും ദിനബത്തയുമായി പ്രതിമാസം പത്ത് ലക്ഷം രൂപ വേണം. കൊവിഡ് നിയന്ത്രണങ്ങളിലെ യാതൊരു ഇളവും ഈ മേഖലയ്ക്ക് നൽകിയിട്ടില്ലെന്നാണ് സർക്കസ് കമ്പനിയുടെ പരിദേവനം.
..............................
സർക്കസ് എന്ന് പുനരാരംഭിക്കുവാൻ സാധിക്കുമെന്ന് പറയാനാവില്ല. എക്സിബിഷനുകൾക്കും ഉത്സവപ്പറമ്പുകൾക്കും നിയന്ത്രണങ്ങൾ ബാധകമായതോടെ സർക്കസ് നടത്താൻ സർക്കാർ അനുവാദം നൽകണം. ബാങ്കുകളിൽ നിന്നോ മറ്റു ധനകാര്യസ്ഥാപനങ്ങളിൽ നിന്നോ വായ്പ ലഭ്യമാക്കാനുള്ള നടപടി ഉണ്ടാവണം
ബാദുഷ, സർക്കസ് കമ്പനി ഉടമ