കറ്റാനം: സഭാ തർക്കം നിലനിൽക്കുന്ന കട്ടച്ചിറ പള്ളിയിൽ ഇന്നലെ വീണ്ടും സംഘർഷം. സെമിത്തേരിയിൽ പ്രാർത്ഥിക്കുവാൻ എത്തിയ വിശ്വാസികളെ ഓർത്തഡോക്സ് വിഭാഗം ഗേറ്റ് പൂട്ടി തടഞ്ഞു. തുടർന്ന് യാക്കോബായ ഇടവക ജനങ്ങൾ ഗേറ്റിനുമുന്നിൽ പ്രതി​ഷേധ സമരം ആരംഭിച്ചു. പള്ളിക്കുള്ളിൽ നിന്ന ഓർത്തഡോക്സ് വിഭാഗത്തിനെ പുറത്തു പോകുവാൻ അനുവദിക്കാതെ യാക്കോബായ വിശ്വാസികൾ തടഞ്ഞതോടു കൂടി സംഘർഷം മൂർച്ഛിച്ചു. പൂർവികരുടെ കല്ലറകളിൽ പ്രാർത്ഥിക്കുവാനും മെഴുകുതിരി കത്തിക്കുവാനും അനുവദിക്കാതെ തടയുന്ന നിലപാട് പ്രതി​ഷേധാർഹമാണന്ന് ട്രസ്റ്റി​ അലക്സ്‌. എം. ജോർജ് പറഞ്ഞു. പതിനൊന്നോടെ കറ്റാനത്തുനിന്നും സംഘടിച്ചെത്തിയ മെത്രാം കക്ഷി വിഭാഗക്കാർക്ക് നേരെ പൊലീസ് ലാത്തി വീശി. തുടർന്ന് കായംകുളം ഡിവൈ. എസ്.പി. പി ബിനുവിന്റെ നേതൃത്വത്തിൽ യാക്കോബായ സഭാ വൈദി​കരുമായും ട്രസ്റ്റി​ അലക്സ്‌. എം. ജോർജുമായി നടത്തിയ ചർച്ചകൾക്കൊടുവിൽ യാക്കോബായ വിശ്വാസികൾ സമരം അവസാനിപ്പിക്കുകയായിരുന്നു. കായംകുളം, മാവേലിക്കര, കുറത്തികാട്,വള്ളികുന്നം, ചെങ്ങന്നൂർ തുടങ്ങിയ സ്റ്റേഷനുകളിൽ നിന്നും വൻ പൊലീസ് സംഘവും സ്ഥലത്തു ക്യാമ്പ് ചെയ്യുന്നു.