തുറവൂർ:വേലിയേറ്റത്തിലെ രൂക്ഷമായ വെള്ളപ്പൊക്കം പരിഹരിക്കുന്നതിന്റെ ഭാഗമായി അന്ധകാരനഴി പൊഴി മുറിച്ചതോടെ കടലിലേക്ക് നീരൊഴുക്ക് ശക്തമായി. കടക്കരപ്പള്ളി, പട്ടണക്കാട്, തുറവൂർ, കുത്തിയതോട് പഞ്ചായത്തുകളിൽ അനുഭവപ്പെട്ട രൂക്ഷമായ വെള്ളക്കെട്ട് ജീവിതം ദുരിതത്തിലാക്കിയിരുന്നു. നിരവധി വീടുകളിൽ വെള്ളം കയറുകയും ജലാശയങ്ങളിൽ ക്രമാതീതമായി ജലനിരപ്പ് ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് രണ്ട് ദിവസമായി 3 മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചു അഴിമുഖത്തെ മണൽ നീക്കി പൊഴി മുറിച്ചത്. സ്ഥിതിഗതികൾ വിലയിരുത്താൻ രാവിലെ കളക്ടർ എ.അലക്സാണ്ടർ അന്ധകാരനഴി തീരം സന്ദർശിച്ചു.