ഹരിപ്പാട്: നിർദ്ധന കുടുംബത്തെ സഹായിക്കാനായി കരുതൽ ഉച്ചയൂണ് കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തിയ മോരുംവെള്ള ചലഞ്ചിൽ ലഭിച്ചത് രണ്ടു ലക്ഷത്തിലേറെ രൂപ. ഹരിപ്പാട് കോതേരി കോളനിയിൽ ദുരിതത്തിൽ കഴിഞ്ഞിരുന്ന പ്രകാശ്, ഭാര്യ സന്ധ്യ, മൂന്നു കൊച്ചു കുട്ടികൾ ഉൾപ്പെടെയുള്ള കുടുംബത്തിന് വേണ്ടിയാണ് ചലഞ്ച് സംഘടിപ്പിച്ചത്.
ചലഞ്ചിലൂടെ സമാഹരിക്കാൻ കഴിഞ്ഞത് 1,37,000 രൂപയും കുടുംബത്തിന് അക്കൗണ്ടിലേക്ക് ലഭിച്ചത് 75,000 രൂപയുമാണ്. 2.12 ലക്ഷം ആകെ ലഭിച്ചു. ചലഞ്ചിൽ പങ്കെടുക്കാനെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഒരുലക്ഷം രൂപ വാഗ്ദാനം ചെയ്തു. ഹരിപ്പാട് ബസ് സ്റ്റാൻഡിനു തെക്കുവശത്ത് ദേശീയപാതയുടെ ഇരുവശത്തുമായി രണ്ടു സ്റ്റാളുകളിൽ നിന്നാണ് മോരുംവെള്ളം വിതരണം ചെയ്തത്. പങ്കെടുത്തവർ തങ്ങൾക്ക് ഇഷ്ടമുള്ള തുക വഞ്ചികളിൽ നിക്ഷേപിക്കുകയായിരുന്നു. ലഭിച്ച തുക വൈകുന്നേരം 7 മണിയോടെ കരുതൽ ഉച്ചയൂണ് കൂട്ടായ്മ ചെയർമാൻ ഷാജി കെ.ഡേവിഡ് പ്രകാശിനു കൈമാറി. കരുതലിന്റെ നിരവധി പ്രവർത്തകർ രാവിലെ മുതൽ ചലഞ്ചിൽ പങ്കെടുത്തു.