നിരീക്ഷണം ശക്തമാക്കണമെന്നാവശ്യം
ആലപ്പുഴ : നീരൊഴുക്ക് നിയന്ത്രിക്കുന്നതിനായി തോട്ടപ്പള്ളി സ്പിൽവേയിൽ ഘടിപ്പിച്ചിട്ടുള്ള ഷട്ടറുകളുടെ വൈദ്യുതി കേബിളുകൾ മോഷ്ടിക്കുന്നത് പതിവാകുന്നു. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 28ഷട്ടറുകളുടെ കേബിളുകളാണ് മുറിച്ച് മാറ്റിയത്. രണ്ടുമാസം മുമ്പ് പാലത്തിൽ ഉണ്ടായ വാഹനാപകടത്തിൽ 12ഷട്ടറുകളുടെ കേബിൾ പൊട്ടിയിരുന്നു.
കേബിൾ നഷ്ടപ്പെട്ടതിനെപ്പറ്റി ഇറിഗേഷൻ വകുപ്പ് അധികൃതർ കളക്ടർക്ക് റിപ്പോർട്ട് നൽകി. വേലിയേറ്റം മൂലം കുട്ടനാട്, അപ്പർകുട്ടനാടിന്റെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായതോടെ ഷട്ടർ ഉയർത്താൻ കഴിഞ്ഞ ദിവസം കൃഷിമന്ത്രി നിർദേശം നൽകിയിരുന്നു. അന്ന് രാത്രിയിലാണ് അജ്ഞാത സംഘം 28ഷട്ടറുകളുടെ മോട്ടോറും കൺട്രോൾ പാനലുമായി ബന്ധിപ്പിക്കുന്ന കേബിളുകൾ അഞ്ച് മീറ്റർ വീതം നീളത്തിൽ മാറിച്ചു നീക്കിയത്. ശുദ്ധമായ ചെമ്പ് കമ്പിയായതിനാൽ വിറ്റാൽ നല്ല വില ലഭിക്കും. സ്പിൽവേയിലെ മെയിൻ സ്വിച്ചിൽനിന്നു പ്രത്യേക കേബിളുകൾ വലിച്ച് ഷട്ടറുകളുടെ മോട്ടോറുകളിലെത്തിച്ചാണ് അന്ന് ഷട്ടറുകൾ ഉയർത്തിയത്.
മെയിൻ സ്വിച്ച് ബോക്സ് തുറന്ന് കിടക്കുന്നതിനാൽ, ഷട്ടറുകളുമായി ബന്ധിപ്പിക്കുന്ന പ്രധാന വൈദ്യുതി ബന്ധം വിച്ഛേദിച്ചശേഷമാണ് മോഷ്ടാക്കൾ കേബിൾ മുറിച്ച് മാറ്റിയതെന്ന് സംശയിക്കുന്നു.
ജീവനക്കാർക്ക് കുറവില്ല
മുമ്പ് രണ്ട് സ്ഥിരം ജീവനക്കാർ 24മണിക്കൂർ ജോലി നോക്കിയിരുന്ന സ്ഥാനത്ത് ആറ് താത്കാലിക ജോലിക്കാരാണ് ഇപ്പോഴുള്ളത്. എന്നാൽ, പലപ്പോഴും ഡ്യൂട്ടിക്ക് ജീവനക്കാരില്ലാത്ത അവസ്ഥയാണ് . രാത്രി കാലത്ത് ഷട്ടർ ഉയർത്തിയ ശേഷം ജീവനക്കാർ പാലത്തിൽ കാണാറില്ലാത്തത് മോഷ്ടാക്കൾക്ക് അവസരമാകും. മുമ്പുണ്ടായിരുന്ന രണ്ട് സ്ഥിരം ജീവനക്കാർ സർവീസിൽ നിന്ന് വിരമിച്ചു.
അടയ്ക്കുന്നതും തുറക്കുന്നതും തോന്നുംപടി
ഇപ്പോഴത്തെ ജീവനക്കാർക്ക് കടൽ വേലിയേറ്റത്തിന്റെ പക്കം അറിഞ്ഞ് ഷട്ടറുകൾ ഉയർത്താനും താഴ്ത്താനുമുള്ള പരിചയക്കുറവാണ് പലപ്പോഴും ഉപ്പെവെള്ളം കയറാൻ ഇടവരുത്തുന്നത്. ചന്ദ്രന്റെ സഞ്ചാര സമയം അനുസരിച്ചാണ് വേലിയേറ്റവും വേലിയിറക്കവും ഉണ്ടാകാറുള്ളത്. വേലിയിറക്കത്തിൽ ഷട്ടറുകൾ തുറന്ന് വെയ്ക്കും വേലിയേറ്റം ആരംഭിക്കുന്നതിന് ഒരുമണിക്കൂർ മുമ്പ് ഷട്ടറുകൾ താഴ്ത്തും. ഇപ്പോൾ ഇത്തരത്തിലുള്ള പ്രവർത്തനം നടക്കുന്നില്ല. ഷട്ടർ ഉയർത്തികഴിഞ്ഞാൽ പിന്നെ തോന്നുന്ന സമയത്താണ് അടയ്ക്കാൻ ജീവനക്കാർ എ
ത്തുന്നതെന്ന് പറയപ്പെടുന്നു.
അറ്റകുറ്റപ്പണിയും പേരിന്
മുൻകാലത്ത് മേയ് മാസത്തിൽ ഷട്ടറുകളുടെ തുരുമ്പും തകരാറിലായ റോപ്പും നീക്കി പെയിന്റിംഗ്, ഷട്ടർ ഉയർത്തുന്നതിനുള്ള പൽച്ചക്രങ്ങൾക്ക് ഗ്രീസ് ഇടുക എന്നിവ പതിവായിരുന്നു.ഇപ്പോൾ ഇത് കൃത്യമായി നടക്കുന്നില്ല. സുനാമിയെത്തുടർന്ന് ഒരുകോടി രൂപ ചെലവഴിച്ച് ഇലക്ട്രിക്കൽ വർക്ക് നടത്തിയിരുന്നു. അന്ന് നീക്കം ചെയ്ത പൽച്ചക്രങ്ങളും ചെമ്പു കേബിളുകളും കാണാതായ സംഭവത്തിന്റെ അന്വേഷണം എങ്ങും എത്തിയില്ല.
" ഷട്ടറിന്റെ പ്രവർത്തനങ്ങൾ അറിയാവുന്ന ആളുകളാണ് കേബിൾ മോഷണത്തിനു പിന്നിലെന്നാണ് കരുതുന്നത്. വേലിയേറ്റം മൂലം ഉയർന്ന വെള്ളം കടലിലേക്ക് ഒഴുക്കി വിടുന്നതിനുള്ള നടപടികൾ സ്വീകരിച്ചു.
ഇറിഗേഷൻ മെക്കാനിക്കൽ വിഭാഗം